തിരുവനന്തപുരം: കേരളത്തെ ഭരിക്കുന്നത് കഴിവുക്കെട്ട സര്‍ക്കാരെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. കേരളത്തെ പ്രളയത്തില്‍ മുക്കിയ പിണറായി സര്‍ക്കാരിനെതിരെ സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി സംഘടിപ്പിച്ച ജനകീയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തം വിതച്ച സര്‍ക്കാര്‍ ദുരിതാശ്വാസത്തില്‍ വിവേചനം കാട്ടുകയാണെന്ന് ഒ രാജഗോപാല്‍ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ കാലവസ്ഥാ മുന്നറിയിപ്പ് കേരള സര്‍ക്കാര്‍ അവഗണിച്ചതാണ് പ്രളയത്തിന് കാരണം. കേരളം ഭരിച്ച ഇരു മുന്നണികളും ഗാഡ്ഗില്‍ റിപ്പേര്‍ട്ടിന് തടസ്സം നിന്നതും പ്രകൃതി ദുരന്തത്തിന് കാരണമായി. സര്‍ക്കാര്‍ അവരുടെ കടമകള്‍ അനുഷ്ഠിക്കാത്തതിന്റെ തിക്ത ഫലമാണ് ദുരന്തത്തിന് കാരണമായതെന്നും സര്‍ക്കാരിന്റെ ഈ അനാസ്ഥകള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തിന്റെ വ്യാപ്തിയെ പറ്റിയോ നഷ്ടപരിഹാരത്തിന്റെ കൃത്യമായ കണക്കുകളെ കുറിച്ചോ ഉള്ള റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ല. ഇതിന് പകരം കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. നിലവില്‍ പ്രളയത്തിന്റെ മറവില്‍ പണപ്പിരിവാണ് സര്‍ക്കാരിന്റെ പ്രധാന ജോലി. ഇതിനൊന്നും കൃത്യമായ കണക്കില്ലെന്നും വകമാറ്റി ഈ തുകകള്‍ ചെലവഴിക്കുകയാണെന്നും കഴിവുക്കെട്ട സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും രാജഗോപാല്‍ വിമര്‍ശിച്ചു.
സര്‍ക്കാരിന്റെ അനാസ്ഥയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ദുരിതാശ്വാസ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കുക, സര്‍വ്വകക്ഷി മേല്‍നോട്ടം ഏര്‍പ്പെടുത്തുക, ദുരിതാശ്വാസ വിതരണം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്, മുന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ പദ്മനാഭന്‍ എന്നിവര്‍ ധര്‍ണ്ണയില്‍ സംസാരിച്ചു. വി. മുരളീധരന്‍ എംപി, ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ എന്നവരും ധര്‍ണ്ണയില്‍ പങ്കെടുത്തു.
















