റെയ്‌ക്ജാവിക്: റൊമേലു ലുകാകുവിന്റെ ഇരട്ട ഗോളില്‍ ബെല്‍ജിയത്തിന് അനായാസ വിജയം. ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ അവര്‍ നേഷന്‍സ് ലീഗില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഐസ് ലന്‍ഡിനെ തോല്‍പ്പിച്ചു.
ഇരുപത്തിയൊന്‍പതാം മിനിറ്റില്‍ ഏദന്‍ ഹസാര്‍ഡ് പെനാല്‍റ്റിയിലൂടെ നേടിയഗോളില്‍ ബെല്‍ജിയം മുന്നിലെത്തി. ഐസ്‌ലന്‍ഡിന്റെ ഇന്‍ഗാസണ്‍, ലൂകാകുവിനെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്.
രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ലുക്കാകു ഗോള്‍ നേടി. വിന്‍സന്റ് കമ്പനിയുടെ ശക്തമായ ഹെഡര്‍ ഐസ്‌ലന്‍ഡ് ഗോളി തട്ടിതെറിപ്പിച്ചു. പക്ഷെ പന്ത് ലുകാകുവിന് ലഭിച്ചു. അനായാസം അത് ഗോളിലേക്ക് തിരിച്ചുവിട്ടു.
കളിയവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ലുകാകു വീണ്ടും ഐസ് ലന്‍ഡിന്റെ ഗോള്‍ വല കുലുക്കി. ഈ വിജയത്തോടെ ബെല്‍ജിയത്തിന് ഗ്രൂപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനൊപ്പം മൂന്ന് പോയിന്റായി.
സ്വിറ്റ്‌സര്‍ലന്‍ഡ് ആദ്യമത്സരത്തില്‍ ശനിയാഴ്ച ഏകപക്ഷിയമായ ആറു ഗോളുകള്‍ക്ക് ഐസ് ലന്‍ഡിനെ തോല്‍പ്പിച്ചു.
















