കുട്ടനാട്: പ്രളയം തകര്‍ത്തെറിഞ്ഞ കുട്ടനാടിനെ കാത്തിരിക്കുന്നത് ഇതിലും വലിയ ദുരന്തം. പുഴകളും തോടുകളുമെല്ലാം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള വെള്ളത്തോടൊപ്പം വളര്‍ത്തു മൃഗങ്ങളുടെ ജഡങ്ങള്‍ കൂട്ടത്തോടെ കുട്ടനാട്ടിലെ ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുകയാണ്. ഇവ പറമ്പുകളിലും വീടുകളുടെ പരിസരങ്ങളിലും അടിഞ്ഞുകിടക്കുകയാണ്. വെള്ളം ഇറങ്ങുന്ന മുറയ്‌ക്ക് ഇവയില്‍ നിന്നും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത ഏറെയാണ്. വീടുകള്‍ക്ക് മുകളില്‍ ജലം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ കക്കൂസ് മാലിന്യം വീടുകള്‍ക്കുള്ളില്‍ പടര്‍ന്നു കിടക്കുകയാണ്.
ശുദ്ധജല ക്ഷാമമാണ് കുട്ടനാട് അഭിമുഖീകരിക്കാന്‍ പോകുന്ന മറ്റൊരു പ്രധാന പ്രതിസന്ധി. പമ്പാ നദിയില്‍ പൂര്‍ണമായും മാലിന്യം നിറഞ്ഞതോടെ എല്ലാ പ്രദേശങ്ങളിലും ശുദ്ധജലം എത്തിക്കുകയെന്നതാണ് അധികൃതര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
നിലവില്‍ ശുദ്ധജല വിതരണ പൈപ്പുകളിലും ടാങ്കുകളിലുമെല്ലാം മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. ഇവ നേരെയാക്കുന്നത് വരെ സ്വകാര്യ വാഹനങ്ങളിലും വള്ളങ്ങളിലും ശുദ്ധജലം എത്തിക്കേണ്ട അവസ്ഥയാണ്.
















