മലപ്പുറം: പേമാരിയൊഴിഞ്ഞതോടെ മലപ്പുറത്ത് കെടുതികള്‍ അവസാനിച്ചതിന്റെ ശുഭസൂചനകള്‍ ലഭിച്ചു തുടങ്ങി. പ്രളയഭീതിയൊഴിഞ്ഞ ടൗണുകളിലേക്ക് ജനക്കൂട്ടം തിരിച്ചെത്തി. റോഡുകളില്‍ വാഹനങ്ങള്‍ നിറഞ്ഞു. മഴയും ഉരുള്‍പൊട്ടലുകളും ദുരിതം വിതച്ച പ്രദേശങ്ങളില്‍ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി.
മൂന്ന് ദിവസമായി ജില്ലയില്‍ പെയ്ത മഴയുടെ അളവ് രണ്ട് സെന്റീമീറ്ററില്‍ താഴെയാണ്. മെയ് 29 മുതല്‍ ഇന്നലെവരെ ലഭിച്ച മഴ 204.88 സെന്റിമീറ്ററാണ്. ജില്ലയിലെ പ്രധാന റോഡുകളെല്ലാം ഗതാഗതയോഗ്യമായി. തിരുന്നാവായയില്‍ വെള്ളക്കെട്ട് നീങ്ങിയതോടെ തിരൂര്‍-കുറ്റിപ്പുറം റോഡിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങി. പൊന്നാനി-കോഴിക്കോട് പാതയും ഗതാഗതസജ്ജമായി. നിലമ്പൂര്‍-ഗൂഡല്ലൂര്‍ റോഡിലെ നാടുകാണി ചുരത്തില്‍ വലിയ ടോറസ് ലോറികള്‍ക്കുള്ള നിയന്ത്രണവും അവസാനിച്ചു.
ഭാരതപ്പുഴയിലും പൊന്നാനിപ്പുഴയിലും കടലുണ്ടിപ്പുഴയിലും ജലനിരപ്പ് താഴ്ന്നു. കനോലി കനാലിലും വെള്ളം താഴ്ന്നതോടെ പ്രളയഭീതിയകന്ന് തീരം ശാന്തമായി. തിരൂരിലും പൊന്നാനിയിലും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പുവിട്ട് വീടുകളിലേക്ക് മടങ്ങി. ആളെണ്ണം കുറഞ്ഞതോടെ പൊന്നാനി നഗരസഭയുടെ കീഴിലെ നാല് ക്യാമ്പുകള്‍ അടച്ചു. ശേഷിക്കുന്നവരെ മറ്റ് ക്യാമ്പുകളിലേക്ക് മാറ്റി.
















