ആലപ്പുഴ: പ്രളയക്കെടുതിയില്‍ ജില്ലയില്‍ ഇന്നലെ വരെ മരിച്ചത് 35 പേരെന്ന് ജില്ലാഭരണകൂടം. മെയ് 29 മുതലുള്ള കണക്കാണിത്. കുട്ടനാട് താലൂക്കില്‍ പതിനഞ്ചും ചേര്‍ത്തല, മാവേലിക്കര എന്നിവടങ്ങളില്‍ നാലു വീതവും ചെങ്ങന്നൂരില്‍ എട്ടും അമ്പലപ്പുഴയില്‍ മൂന്നും കാര്‍ത്തികപള്ളിയില്‍ ഒരാളുമാണ് മരിച്ചത്. ചെങ്ങന്നൂരിലെയും കുട്ടനാട്ടിലെയും വെള്ളം പൂര്‍ണമായും ഇറങ്ങി കഴിയുമ്പോള്‍ മാത്രമേ മരണസംഖ്യ കൃത്യമായി ലഭിക്കൂ.
പ്രളയജലത്തില്‍ മുങ്ങിയ കുട്ടനാട്ടിലെ 97 ശതമാനം ആളുകളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ കഴിഞ്ഞതായി മന്ത്രിമാരായ തോമസ് ഐസക്കും, ജി. സുധാകരനും അറിയിച്ചു. അവശേഷിക്കുന്നവര്‍ അവിടം വിട്ട്‌പോരാന്‍ തയാറാകാത്തവരാണ്. ഈ സാഹചര്യത്തില്‍ കുട്ടനാട്ടിലെ രക്ഷാദൗത്യം അവസാനിപ്പിച്ചു. കുട്ടനാട്ടില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് വരാന്‍ തയാറാകുന്നവര്‍ അറിയിച്ചാല്‍ അവര്‍ക്കായി മാത്രം വള്ളങ്ങളോ, ബോട്ടുകളോ അയക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.
അതിനിടെ ചെങ്ങന്നൂരില്‍ രക്ഷാദൗത്യം കീറാമുട്ടിയായി അവശേഷിക്കുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിലും വെള്ളത്തിന്റെ കുത്തൊഴുക്കുള്ള പ്രദേശങ്ങളിലും ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. ചെറിയ വള്ളങ്ങള്‍ ആവശ്യത്തിന് ലഭിക്കാത്തതും പ്രശ്‌നമാണ്. പമ്പയില്‍ വലിയ ഒഴുക്കുള്ളതിനാല്‍ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഇന്നത്തോടെ മുഴുവന്‍ ആളുകളെയും സുരക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂരില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് ജില്ല പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ അറിയിച്ചു. എവിടെയെങ്കിലും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടെങ്കില്‍ രക്ഷപ്പെടുത്താന്‍ കമാന്‍ഡോകള്‍ രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















