ഓരോ വര്‍ഷവും പുതിയ എസ്യുവികള് ഇന്ത്യയില്‍ പറന്നിറങ്ങുന്നു. ജീപ് കോമ്പസ്, സ്കോഡ കൊഡിയാക്ക്, ഫോക്സ്വാഗണ് ടിഗ്വാന് – നിരനീളുന്നു. സബ് നാലു മീറ്റര്‍, പ്രീമിയം അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ എന്നിങ്ങനെ എസ്യുവികളിലുമുണ്ട് നിരവധിയിനങ്ങള്‍. ഇന്ത്യയില്‍ എസ്യുവികള്‍ക്ക് ആവശ്യക്കാരേറുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് പിന്നെ ഒന്നും നോക്കാനില്ല. എത്രയും പെട്ടെന്നു ആഗോളനിരയില്‍ നിന്ന് മോഡലുകളെ കൊണ്ടുവരണം; ഇല്ലെങ്കില്‍ പിന്നിലായി പോകും.
മാരുതി വിറ്റാര, ടാറ്റ എച്ച് ഫൈവ് എക്സ്, മഹീന്ദ്ര എക്സ്യുവി 700, മഹീന്ദ്ര എസ്201 എന്നിങ്ങനെ വരാനുള്ള എസ്യുവികളുടെ പട്ടിക നീളുന്നു. ഇതിനിടെ കോമ്പാക്ട് എസ്യുവി പോരില്‍ ഒരു കൈനോക്കാനുള്ള തീരുമാനത്തിലാണ് ടൊയോട്ട. ടൊയോട്ടയുടെ ആഗോള നിരയില്‍ നിന്ന് സിഎച്ച്ആര്‍ മോഡല്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ നടന്ന 2018 ഓട്ടോ എക്സ്പോയില്‍ ടൊയോട്ട സിഎച്ച്ആര്‍ അവതരിക്കുമെന്ന് ആദ്യം കരുതി. എന്നാല്‍ യാരിസില്‍ മാത്രമായിരുന്നു ടൊയോട്ടയുടെ ശ്രദ്ധ. യാരിസ് യാഥാര്‍ത്ഥ്യമായ സ്ഥിതിക്ക് സിഎച്ച്ആറിനെക്കുറിച്ച് കമ്പനി വീണ്ടും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ‘ടൊയോട്ട ന്യൂ ജനറേഷന് ആര്കിടെക്ച്ചര്’ അടിത്തറയില്‍ നിന്നാണ് സിഎച്ച്ആര്‍ എസ്യുവിയുടെ ഒരുക്കം. റഷ് എസ്യുവിയെക്കാള് സിഎച്ച്ആറിന് വില കൂടാന്‍ കാരണവുമിതുതന്നെ. ടൊയോട്ടയുടെ ചെലവു കുറഞ്ഞ അടിത്തറയില്‍ നിന്നുമാണ് റഷ് എസ്യുവിയുടെ പിറവി. പ്രീമിയം പരിവേഷമുള്ള അഞ്ചു സീറ്റര്‍ ടൊയോട്ട സിഎച്ച്ആര്‍ ഇന്ത്യയില്‍ ജീപ് കോമ്പസിനും ഹ്യുണ്ടായി ട്യൂസോണിനും ഒത്ത എതിരാളിയാണ്. വരവ് യാഥാര്‍ത്ഥ്യമായാല്‍ ടൊയോട്ട നിരയില്‍ ഫോര്‍ച്യൂണറിന് താഴെയുള്ള സ്ഥാനം സിഎച്ച്ആര്‍ കയ്യടക്കും.
ചെത്തിയൊതുക്കിയ ഘടനയാണ് എസ്യുവിക്ക്. ഹെഡ്ലാമ്പുകളും മുന്‍ബമ്പറും മാത്രം മതി മോഡലിന്റെ പരുക്കന്‍ സ്വഭാവം അറിയാന്‍.
ചിറകുകള് വിടര്‍ത്തിയ ശൈലിയാണ് പിന്തുടരുന്നത്. ഗ്രില്ല് ഒരുങ്ങുന്നത് രണ്ടു ഘടനയില്‍. ഭീമന് വീല്‍ ആര്‍ച്ചുകള്‍ എസ്യുവിയുടെ വീതി കൂട്ടുന്നതില്‍ മോശമല്ലാത്ത പങ്കു വഹിക്കുന്നു. 4,350 mm നീളവും 1,795 mm വീതിയും 1,565 mm ഉയരവും ടൊയോട്ട സിഎച്ച്ആര്‍ എസ്യുവിക്കുണ്ട്. വീല്‍ബേസ് 2,640 mm . 180 mm ഗ്രൗണ്ട് ക്ലിയറന്‍സും 377 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയും എസ്യുവിയുടെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.
‘കൂപ്പെ ഹൈ റൈഡര്‍’ എന്നാണ് സിഎച്ച്ആറിന്റെ പൂര്‍ണ രൂപം. ഇന്ത്യയില്‍ ടിഎന്‍ജിഎ അടിത്തറയില്‍നിന്ന് ഒരുങ്ങുന്ന ആദ്യ ടൊയോട്ട മോഡലെന്ന വിശേഷണം സിഎച്ച്ആറിന് അവകാശപ്പെടാം. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ സിഎച്ച്ആര്‍ രാജ്യത്ത് അണിനിരത്തിയേക്കാം.
2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് ടൊയോട്ട സിഎച്ച്ആര്‍ വിദേശ വിപണികളില്‍ വില്പനയ്ക്ക് എത്തുന്നത്. 148 ബിഎച്ച്പി കരുത്തും 193 Nm torque Dw പരമാവധിയുള്ള എഞ്ചിനില്‍ സിവിടി ഗിയര്‍ബോക്സാണ് കമ്പനി നല്‍കുന്നത്. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.8 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകളും സിഎച്ച്ആറില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: