ഡെറാഡൂൺ: ഉത്തരാഖണ്ഡ് സർക്കാർ പോളിത്തീൻ ബാഗുകൾക്ക് വിലക്കേർപ്പെടുത്തി. ആഗസ്റ്റ് ഒന്ന് മുതൽ ഉത്തരാഖണ്ഡിൽ പോളിത്തീൻ ബാഗുകൾക്ക് നിരോധനമേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്താണ് ട്വിറ്ററിൽ അറിയിച്ചത്. മഹാരാഷ്‌ട്രയ്‌ക്കും ഉത്തർപ്രദേശിനും ശേഷം പോളിത്തീൻ കവറുകൾക്ക് വിലക്കേർപ്പെടുത്തിയ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്.
പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ചുവട് പിടിച്ചാണ് സംസ്ഥാനത്തും പോളിത്തീൻ ബാഗുകൾക്ക് സർക്കാർ വിലക്കേർപ്പെടുത്തുന്നത്. ഷോപ്പിങ് ബാഗുകൾ, ചെറിയ പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയ ഇവയിൽ ഉൾപ്പെടുന്നു. 2017ൽ ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ പ്ലാസ്റ്റിക്കിനും മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗത്തിന് സർക്കാർ വിലക്കേർപ്പെടുത്തിയ നിയമം കൊണ്ടു വന്നിരുന്നു. ഈ നിയമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.
നിയമം തെറ്റിക്കുന്നവർക്കെതിരെ പിഴയടക്കമുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കച്ചവട കേന്ദ്രങ്ങൾക്ക് 5000 രൂപ പിഴയും, ചെറിയ സ്റ്റാളുകൾക്ക് 2000 രൂപയും ഉപഭോക്താക്കൾക്ക് 500 രൂപയുമാണ് പിഴയായി സർക്കാർ ഈടാക്കുക. നേരത്തെ 40 മൈക്രോണിന് താഴെയുള്ള പോളിത്തീൻ കവറുകൾക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.
















