കണ്ണൂര്‍: മണലൂറ്റിന് നിരോധനം നിലനില്‍ക്കെ കാലവര്‍ഷം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ചെങ്കല്‍ ഖനനവും നിര്‍ത്തിവെക്കാനെടുത്ത തീരുമാനം ജില്ലയിലും സമീപ ജില്ലകളിലും നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി. മണല്‍ ക്ഷാമവും അടിക്കടിയുണ്ടാകുന്ന ചെങ്കല്‍ സമരവും കല്ലിനുള്ള വിലവര്‍ദ്ധനവും നിര്‍മ്മാണമേഖലയെ സാരമായി ബാധിച്ചിരുന്നു. ഏപ്രില്‍ മാസം മുതല്‍ മഴ പെയ്യാന്‍ തുടങ്ങിയതും ചെങ്കല്‍ ക്ഷാമത്തിന് കാരണമായി. ഇതിനിടയില്‍ കലക്ടര്‍ പുറപ്പെടുവിച്ചതെന്ന് പറയപ്പെടുന്ന അപ്രതീക്ഷിത ഉത്തരവ് നിര്‍മ്മാണ മേഖലയുടെ താളം തെറ്റിച്ചു. കലക്ടറുടെ ഉത്തരവ് ദുരന്തങ്ങള്‍ ഒഴിവാക്കാനാണെങ്കിലും ചെങ്കല്‍ തൊഴിലാളികള്‍ പ്രതിസന്ധിയിലാകുകയായിരുന്നു. ഏതാനും ദിവസം മുമ്പ് വരെ ലോറി സമരമുണ്ടായതോടെ സിമന്‍്‌റ് ക്ഷാമവും നേരിട്ടിരുന്നു. നിലവില്‍ മണല്‍ ക്ഷാമം രൂക്ഷമായതോടെ എംസാന്റ് പിസാന്റ് എന്നിവയെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണലിന് പകരം ഉപയോഗിക്കുന്നത്.
കണ്ണൂരില്‍ നിന്നാണ് കോഴിക്കോട് അടക്കമുള്ള ജില്ലകളിലേക്ക് ചെങ്കല്‍ കൊണ്ടുപോകുന്നത്. കണ്ണൂരില്‍ ചെങ്കല്ലിന് നിരോധനം വന്നതോടെ മറ്റുജില്ലകളെയും ഇത് സാരമായി ബാധിച്ചു. വന്‍ കെട്ടിട നിര്‍മ്മാണങ്ങളും വീടുകളുടെ നിര്‍മ്മാണവുമെല്ലാം നിലച്ച സ്ഥിതിയാണ്. നിര്‍മ്മാണ തൊഴിലാളികളും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ആഗസ്ത് 5 വരെയാണ് നിരോധനമെങ്കിലും അതുകഴിഞ്ഞാലും ചെങ്കല്ലിന് ക്ഷാമമുണ്ടാകുമെന്നാണ് ചെങ്കല്‍പ്പണ ഉടമകളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇന്ന് മുതല്‍ ചെങ്കല്‍ കൊത്ത് പുനരാരംഭിക്കുമെന്ന് ഒരു വിഭാഗം ചെങ്കല്‍ ഉടമകള്‍ അറിയിച്ചിട്ടുണ്ട്. തൊഴിലാളികള്‍ നാട്ടിലേക്ക് പോയതിനാല്‍ ഇന്ന് മുതല്‍ കൊത്ത് പുനരാരംഭിക്കുമെന്ന അവകാശവാദം എത്രത്തോളം പ്രായോഗികമാകുമെന്നതും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
അതേസമയം കലക്ടര്‍ ചെങ്കല്‍ കൊത്ത് നിര്‍ത്തുന്നത് സംബന്ധിച്ച് ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും മഴ കാരണം കല്ലിന് ഡിമാന്റ് കുറഞ്ഞതു കാരണം ചെങ്കല്‍പണ ഉടമകള്‍ സ്വയമേവ നിര്‍ത്തിവെച്ച് കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയായിരുന്നുവെന്നും കല്ല് തട്ടുന്ന മേഖലയില്‍ മെഷീന്‍ സ്ഥാപിച്ചതോടെ തൊഴിലാളികളെ ഒഴിവാക്കാനുളള നീക്കവും കല്ല് കൊത്ത് നിര്‍ത്തിവെച്ചതിന് പിന്നിലുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കരിങ്കല്‍ ക്വാറികള്‍ക്ക് മാത്രമാണ് കലക്ടറുടെ ഉത്തരവ് പ്രകാരം നിരോധനമെന്നാണ് ഒരുവിഭാഗം പറയുന്നത്. നാട്ടിലേക്ക് തിരിച്ചുപോയ തൊഴിലാളികളെ പണി തുടങ്ങുമ്പോള്‍ വിളിക്കാമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും പണകളില്‍ മെഷീനുകള്‍ സ്ഥാപിക്കുന്നതോടെ ഇവരെ എന്നന്നേക്കുമായി ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും പറയപ്പെടുന്നു.
















