ന്യൂദല്‍ഹി: തെക്കന്‍ ദല്‍ഹിയിലെ പഞ്ചശീല്‍ പാര്‍ക്കില്‍ ഫ്ളാറ്റിന്റെ നാലാം നിലയില്‍ നിന്നു ചാടി എയര്‍ ഹോസ്റ്റസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭര്‍ത്താവ് മായക് സിങ്വിയെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ഇയാളും മാതാപിതാക്കളും യുവതിയെ പീഡിപ്പിക്കാറുണ്ടായിരുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
മകളുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ അനീസ്യയുടെ പിതാവ് റിട്ട. മേജര്‍ ജനറല്‍ ആര്‍.എസ്. ബത്ര ഏതാനും ദിവസം മുന്‍പു പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയെടുത്തിരുന്നില്ല. വെള്ളിയാഴ്ചയാണു കെട്ടിടത്തിനു മുകളില്‍നിന്ന് അനീസ്യ ചാടിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണു ജീവന്‍ വെടിഞ്ഞത്.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും പീഡിപ്പിച്ചിരുന്നതായി അനീസിയയുടെ കുടുംബം ആരോപിച്ചു. ആത്മഹത്യയല്ല, കൊലപാതകമാണെന്ന് അനീസിയയുടെ കുടുംബം ആരോപിക്കുന്നുണ്ടെങ്കിലും മരിക്കുന്നതിനു തൊട്ടു മുമ്പ് ഭര്‍ത്താവിന്റെ മൊബൈലിലേക്ക് അനീസിയ അയച്ച സന്ദേശങ്ങള്‍ കൊലപാതകമല്ലെന്ന സൂചനയാണ് നല്‍കുന്നതെന്ന് തെക്കന്‍ ദല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ റൊമില്‍ ബാനിയ പറഞ്ഞു.
ടെറസില്‍ നിന്ന് ചാടി മരിക്കാന്‍ പോകുകയാണെന്ന് തന്റെ ഭാര്യ സന്ദേശമയച്ചെന്നും ഗോവണി കയറി മുകളിലെത്തിയപ്പോഴേക്കും ടെറസിന്റെ വാതില്‍ പുറത്തു നിന്ന് പൂട്ടിയിരുന്നെന്നുമാണ് ആത്മഹത്യയെക്കുറിച്ച് ഭര്‍ത്താവ് മയങ്ക് പോലീസിനെ അറിയിച്ചത്.
തന്റെ സഹോദരിയെ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയിട്ടും പോലീസ് സ്ത്രീധന പീഡനത്തിനാണ് കേസെടുത്തതെന്ന് അനീസിയയുടെ സഹോദരന്‍ ആരോപിച്ചു. പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നതിന്റെ വീഡിയോ വേണമെന്ന് അനീസിയയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യും.
















