കോഴിക്കോട്: കുറ്റവിചാരണ നേരിടുന്ന കൊലപാതക കേസ് പ്രതികള്‍ക്ക് സ്വീകരണമൊരുക്കുന്ന സിപിഎമ്മിനെതിരെ ഇടതുചിന്തകന്‍ ഡോ. ആസാദ്. കൊലപാതകിയെ പോറ്റുന്ന പാര്‍ട്ടി കൊലയാളി പാര്‍ട്ടി തന്നെയെന്നും തങ്ങള്‍ കുറ്റവാളികള്‍ക്കൊപ്പമെന്ന് ഒരറപ്പുമില്ലാതെ വിളിച്ചുപറയുന്നവരെ കുറ്റവാളികളുടെ സംഘമായി കാണേണ്ടിവരുമെന്നും ഡോ. ആസാദ് ഫേസ്ബുക്കില്‍ എഴുതുന്നു.
കുറ്റവിചാരണ നേരിടുന്ന പ്രതികളെ അനുമോദിക്കുന്നതും ആദരിക്കുന്നതും കുറ്റകൃത്യത്തില്‍ പങ്കാളിത്തം വഹിക്കുന്നതിന് തുല്യമാണ്. പൊതുജീവിതത്തിലും രാഷ്‌ട്രീയത്തിലും ക്രിമിനല്‍വല്‍ക്കരണം വര്‍ധിക്കുകയാണ്. ദുര്‍വൃത്തരെ അകറ്റാനല്ല ആദരിക്കാനാണ് തിടുക്കം. ജാമ്യം ലഭിച്ച കൊലക്കേസ് പ്രതികള്‍ക്ക് സ്വീകരണം നല്‍കുന്നത് നീതിബോധത്തെ വെല്ലുവിളിക്കലാണ്. നിയമവ്യവസ്ഥയെ ധിക്കരിക്കലാണ്. നിരപരാധിത്വം നിശ്ചയിക്കേണ്ടത് നീതിപീഠമാണ്. കോടതിവിധിയുണ്ടാവുന്നതുവരെ അവര്‍ സംശയത്തിന്റെ നടുവിലാണ്.
നിരപരാധിത്വം തെളിക്കാന്‍ കോടതി വ്യവഹാരം പൂര്‍ണമാകേണ്ടതുണ്ട്. കള്ളക്കേസാണെന്ന് വാദിക്കാനും കോടതി മുമ്പാകെ തെളിവുകള്‍ നല്‍കാനും കഴിയുമെങ്കിലും വിസ്തരിക്കേണ്ടതും വിധിക്കേണ്ടതും തങ്ങളാണെന്ന് ഭാവിക്കരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. കോടതി ശിക്ഷിച്ച കൊലക്കേസ് കുറ്റവാളിയെ പാര്‍ട്ടി പദവിയില്‍ കുടിയിരുത്തിയവര്‍ മറ്റൊരു കൊലക്കേസിലെ പ്രതികളെ സ്വീകരിച്ചാനയിക്കുന്നതില്‍ അത്ഭുതം തോന്നേണ്ടതില്ല. ഞങ്ങളുടെ പാര്‍ട്ടി അന്വേഷണവും വിസ്താരവും വിധിയും മാത്രമേ അംഗീകരിക്കുകയുള്ളൂവെന്നും കോടതിവിധിയില്‍ വിശ്വാസമില്ലെന്ന് പറയുന്നത് എത്രത്തോളം അനുവദിക്കാമെന്ന് പൊതുസമൂഹം നിശ്ചയിക്കണമെന്നും ആസാദ് ആവശ്യപ്പെടുന്നു.
















