കണ്ണൂര്‍: നവമാധ്യമങ്ങളിലൂടെ മുപ്പതിലധികം സ്ത്രീകളോട് ലൈംഗികച്ചുവയോടെ പോസ്റ്റിട്ട സഖാവ് തരികിട സാബുവിനെ നിലവിലുള്ള നിയമമനുസരിച്ച് അറസ്റ്റ് ചെയ്യണമെന്ന് മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രേഷ്മാ രജീവ് ആവശ്യപ്പെട്ടു. മഹിളാ ഐക്യവേദി പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആഭ്യന്തരവകുപ്പ് കേരളത്തില്‍ രണ്ട് നീതിയാണ് നടപ്പാക്കുന്നത്. ദീപ നിഷാന്തിനെതിരെയും സിന്ധു സൂര്യകുമാറിനെതിരെയും പോസ്റ്റിട്ട യുവാക്കളെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടുകയും ഒരു സ്ത്രീയെ തന്റെ കിടപ്പറയിലേക്ക് നവമാധ്യമത്തിലൂടെ ക്ഷണിച്ച നടനും സഖാവുമായ തരികിട സാബു പൊതിവേദികളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്ന കാഴ്ച സാക്ഷര കേരളം ലജ്ജയോടെയാണ് കാണുന്നത്. മാതൃത്വത്തെ അപമാനിക്കുന്ന ഇത്തരം നീചന്‍മാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും ഇത്തരം നടപടികളില്‍ അമ്മമാരുടെ പ്രതിഷേധം ആഭ്യന്തര വകുപ്പ് നേരിടേണ്ടി വരുമെന്നും രേഷ്മാ രജീവ് പറഞ്ഞു. സംസ്ഥാന സമിതിയംഗം ഷൈന പ്രശാന്ത്, ജില്ലാ വൈസ് പ്രസിഡണ്ട് ഹേമലത എന്നിവര്‍ സംസാരിച്ചു.
















