പയ്യാവൂര്‍: കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് കേരളത്തില്‍ സിപിഎം തടയിടകയാണെന്ന് ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത് ആരോപിച്ചു. മോദി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികള്‍ പലതും കേരളത്തില്‍ യാഥാര്‍ത്ഥ്യമായിട്ടില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നേടിയെടുക്കാന്‍ പോലും കേരളത്തിലെ സര്‍ക്കാരിന് കഴിയാത്ത അവസ്ഥയാണുള്ളത്. ഇതുവഴി കേന്ദ്രം നല്‍കുന്ന കോടികളാണ് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കാര്‍ഷിക മേഖലക്ക് അനുവദിച്ച മുപ്പതിനായിരത്തിലേറെ കോടിയുടെ ഫണ്ടാണ് നഷ്ടമായത്. തൊഴിലുറപ്പ് പദ്ധതിയില്‍ അനുവദിച്ച തുകയുടെ പത്ത് ശതമാനമാണ് സംസ്ഥാനത്ത് ചെലവഴിച്ചിട്ടുള്ളത്. മോദി ഭരണത്തില്‍ ഇന്ത്യയില്‍ വന്‍ വികസനമാണ് ഉണ്ടായിട്ടുള്ളതെന്നും സംസ്ഥാനത്ത് ഇടത്-വലത് മുന്നണികള്‍ വികസന മുരടിപ്പാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പഞ്ചായത്ത് ഭൂമി സ്വകാര്യവ്യക്തിക്ക് വിട്ടുകൊടുക്കാനുള്ള പയ്യാവൂര്‍ പഞ്ചായത്ത് അധികൃതരുടെ നീക്കത്തിനെതിരെ ബിജെപിയുടെ ആഭിമുഖ്യത്തില്‍ പയ്യാവൂരില്‍ നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉപവാസം ജില്ലാ കമ്മറ്റി അംഗം വി.എന്‍.രവിയുടെ അധ്യക്ഷതയില്‍ ജില്ലാ കമ്മറ്റി അംഗം വി.എന്‍.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. വി.വി.ചന്ദ്രന്‍, കെ.രമേശന്‍, കെ.ജെ.മാത്യു, കെ.അനിരുദ്ധന്‍, എം.ഐ.ശശിധരന്‍, പി.കെ.സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.വി.പ്രദീപ് അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ആനിയമ്മ രാജേന്ദ്രന്‍, പ്രഭാകരന്‍ കടന്നപ്പള്ളി, കെ.ജെ.മാത്യു, കെ.രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.ഐ.ശശി സ്വാഗതവും പി.കെ.സുധാകരന്‍ നന്ദിയും പറഞ്ഞു.
















