തലശ്ശേരി: ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ ചിറ്റാരിപ്പറമ്പ് അനന്തേശ്വരത്ത് മഹേഷ് (33)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 27ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിപറയും. 2008 മാര്‍ച്ച് 6നായിരുന്നു കേസിനാസ്പദമായ സംഭവം. തലശ്ശേരിയില്‍ ആര്‍എസ്എസ് നേതാവ് എം.പി.സുമേഷിന് വെട്ടേറ്റതിനെത്തുടര്‍ന്നുണ്ടായ അക്രമപരമ്പരയുടെ ഭാഗമായി നടന്ന ഹര്‍ത്താല്‍ ദിനത്തിലാണ് മഹേഷ് ചിറ്റാരിപ്പറമ്പ് കൊല്ലപ്പെട്ടത്. പതിനെട്ട് സാക്ഷികളെ വിസ്തരിച്ച കേസില്‍ 27 രേഖകളും പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുള്‍പ്പെടെ ഒമ്പത് തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. സിപിഎം പ്രവര്‍ത്തകരായ പെരിങ്ങോളി രമേശ്, ഓണിയന്‍ ബാബു, നെല്ലിക്ക ഉത്തമന്‍, ചെമ്മേരി പ്രകാശന്‍, മണോളി ഉമേഷ്, വാഴവളപ്പില്‍ രഞ്ചിത്ത്, നെല്ലിക്ക മുകേഷ്, കാരാട്ട് പുരുഷോത്തമന്‍, ചിരുകണ്ടോത്ത് സുനീഷ്, മണപ്പാട്ടി സൂരജ്, വയലേരി ഷിജു എന്നിവരാണ് കേസിലെ പ്രതികള്‍.
സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മഹേഷിനെ രാഷട്രീയ വിരോധം വെച്ച് സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടര്‍ ബിനിഷയും മഹേഷിന്റെ മാതാവ് കൗസുവിന്റെ ഹരജിയെ തുടര്‍ന്ന് പ്രോസിക്യൂഷനെ സഹായിക്കാന്‍ കോടതി അനുവദിച്ച അഡ്വ.പി.പ്രേമരാജനും ഹാജരായി.
















