മോസ്‌കോ: ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തില്‍ സൗത്ത് കൊറിയയ്‌ക്കെതിരെ സ്വീഡന് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം. 65-ാം മിനിറ്റില്‍ നായകന്‍ ആന്‍ഡ്രിയാസ് ഗ്രാന്‍ക്വിവ്സ്റ്റ് ആണ് സൗത്ത് കൊറിയയുടെ വല ചലിപ്പിച്ചത്.
ബോക്സിനകത്ത് നിന്നും സ്വീഡിഷ് താരം ക്ലീസനെ കിന്‍ മിന്‍ വൂ ഫൗള്‍ ചെയ്തതിലൂടെ ലഭിച്ച പെനാല്‍റ്റി ഗ്രാന്‍ക്വിവ്സ്റ്റ് ഗോളിക്ക് ഒരു അവസരവും നല്‍കാതെ കൊറിയയുടെ വലയില്‍ എത്തിക്കുകയായിരുന്നു. റഫറി ആദ്യം പെനാല്‍റ്റി അനുവദിച്ചില്ലെങ്കിലും വി.എ.ആറിലൂടെ സ്വീഡന്‍ പെനാല്‍റ്റി സ്വന്തമാക്കുകയായിരുന്നു. നിലവിലെ ലോക ചാമ്ബ്യന്‍മാരായ ജര്‍മ്മനിയും അവരെ അട്ടിമറിച്ച മെക്സിക്കോയും ഉള്ള ഗ്രൂപ്പില്‍ നിന്ന് മുന്നോട്ട് പോവാന്‍ ഏറെ പ്രയാസമാണെന്നിരിക്കെ ഈ വിജയം സ്വീഡന് കരുത്തായി.
തുടക്കത്തില്‍ കളിയുടെ പൂര്‍ണ മേധാവിത്തം കൊറിയയ്‌ക്കായിരുന്നു. നിരന്തരം സ്വീഡന്റെ ഗോള്‍മുഖത്ത് എത്തി ആക്രമണം നടത്താന്‍ കൊറിയയ്‌ക്കായി. എന്നാല്‍ മത്സരം പുരോഗമിക്കുന്തോറും കളി സ്വീഡന്‍ പിടിച്ചെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സ്വീഡന്‍ നിരന്തരം ആക്രമിച്ച് കളിച്ചതോടെ കൊറിയ പ്രതിരോധത്തിലേക്ക് വലിയുകയായിരുന്നു.
















