റോസ്‌റ്റോവ് ഓണ്‍ ഡോണ്‍: ഫുട്‌ബോളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബ്രസീല്‍ ഇന്ന് ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. എതിരാളികള്‍ യൂറോപ്യന്‍ ശക്തികളായ സ്വിറ്റ്‌സര്‍ലന്‍ഡ്. ഇന്ത്യന്‍ സമയം രാത്രി 11.30ന് റോസ്‌റ്റോവ് അരീനയിലാണ് ആറാം ലോകകിരീടം തേടിയുള്ള കാനറികളുടെ ആദ്യപോരാട്ടം.
നെയ്‌മര്‍ എന്ന സൂപ്പര്‍ താരത്തിന്റെ സാന്നിദ്ധ്യമാണ് ബ്രസീലിന് മുന്‍തൂക്കം നല്‍കുന്നത്. മുന്നേറ്റനിരയില്‍ നെയ്‌മര്‍ക്കൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രിയേല്‍ ജീസസായിരിക്കും ആദ്യ ഇലവനില്‍ ഇറങ്ങുക. മധ്യനിരയില്‍ കാസിമിറോ, പൗളിഞ്ഞോ, ഫിലിപ്പെ കുടീഞ്ഞോ, വില്യന്‍ എന്നിവരായിരിക്കും കളി മെനയുക. പ്രതിരോധത്തില്‍ ഡാനിലോ, തിയാഗോ സില്‍വ, മിറാന്‍ഡ, മാഴ്‌സെലോ എന്നിവര്‍ സ്വിസ് മുന്നേറ്റത്തിന് കൂച്ചുവിലങ്ങിടാന്‍ എത്തും. ഗോള്‍വലയ്‌ക്ക് മുന്നില്‍ അലിസണും എത്തുമെന്ന് ഉറപ്പ്. പരിശീലകന്‍ ടിറ്റെയുടെ തന്ത്രങ്ങളും അവര്‍ക്ക് തുണയേകും. കളിക്കിടെ ടിറ്റെ വരുത്തുന്ന തന്ത്രങ്ങള്‍ എതിരാളികളെ അമ്പരിപ്പിക്കുന്നതാണ്. അഞ്ചു മധ്യനിരക്കാരുമായി തുടങ്ങുന്ന അവര്‍ നെയ്‌മറും കുടിഞ്ഞോയും കുതിച്ചു കയറുമ്പോള്‍ അനായാസം 4-3-3 എന്ന ശൈലിയിലേക്കു മാറും. അസാധാരണമായ പന്തടക്കവും മുന്‍കാഴ്ചയുമുള്ള നെയ്‌മറും കുടീഞ്ഞോയും മുന്‍നിരയില്‍ ഒരുമിക്കുന്നതു തന്നെയാണ് ബ്രസീലിന്റെ ഏറ്റവും വലിയ കരുത്ത്. നെയ്‌മറിനെ എതിര്‍ പ്രതിരോധം വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അനായാസം ഗോളടിക്കാനുള്ള അവസരമൊരുങ്ങാനാണ് സാധ്യത. സമീപകാലത്ത് മിന്നുന്ന പ്രകടനമാണ് ബ്രസീല്‍ നടത്തുന്നത്. ഒടുവില്‍ കളിച്ച 15 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് അവരുടെ വരവ്. ലോകകപ്പ് യോഗ്യത നേടിയശേഷം നടന്ന ആറ് സൗഹൃദ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ സമനില വഴങ്ങിയപ്പോള്‍ ജര്‍മ്മനി, റഷ്യ, ആസ്ട്രിയ, ജപ്പാന്‍, ക്രൊയേഷ്യ ടീമുകളെ തോല്‍പ്പിച്ചു.
ഏറെ പ്രതീക്ഷകളോടെയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ബ്രസീലിനെതിരെ കളത്തിലെത്തുന്നത്. മുന്നേറ്റത്തില്‍ ഹാരിസ് സഫറോവിക്കിനെ മുന്‍നിര്‍ത്തിയായായിക്കും കോച്ച് വ്‌ളാഡിമിര്‍ പെറ്റ്‌കോവിച്ച് തന്ത്രങ്ങള്‍ മെനയുക. മധ്യനിരയില്‍ കളിമെനയാന്‍ സാക്ക, ഷാക്കിരി, ഡെസ്മാലി, ബെഹ്‌റാമി, സുബര്‍ എന്നിവര്‍ ഇറങ്ങും.
നെയ്‌മറെ പിടിച്ചുകെട്ടാന്‍ നായകന്‍ സ്റ്റീഫന്‍ ലിച്ച്‌സ്‌റ്റെയ്‌നറുടെ നേതൃത്വത്തിലുള്ള പ്രതിരോധത്തിനാണ് ചുമതല. ഒപ്പം റിക്കാര്‍ഡോ റോഡ്രിഗസ്, ബൊറൂസിയയുടെ മാനുവല്‍ അകന്‍ജി, ഫാബിയന്‍ ഷാര്‍ എന്നിവര്‍ കോട്ടകെട്ടാനിറങ്ങും. എന്തായാലും ബ്രസീലിയന്‍ മുന്നേറ്റവും സ്വിസ് പ്രതിരോധവും തമ്മിലായിരിക്കും പോരാട്ടം. നെയ്‌മറുള്‍പ്പെടെയുള്ളവരെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞാല്‍ മാത്രമേ സ്വിസിന് നേരിയ പ്രതീക്ഷയെങ്കിലും വേണ്ടൂ. എന്നാല്‍ അതിവേഗത്തിലുള്ള പ്രത്യാക്രമണംകൊണ്ട് എതിരാളികളെ അമ്പരിപ്പിക്കാന്‍ കഴിവുള്ളവരാണ് സ്വിസ് ടീം എന്നതിനാല്‍ മാഴ്‌സെലോക്കും കൂട്ടര്‍ക്കും പിടിപ്പതു പണിയാകും. സമീപകാലത്ത് മികച്ച പ്രകടനമാണ് സ്വിസ് ടീമും നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പോര്‍ച്ചുഗലിനെതിരെയാണ് അവസാനം തോറ്റത്. അതിനുശേഷം നടന്ന ആറ് കളികളിലും സ്വിറ്റ്‌സര്‍ലന്‍ഡ് തോല്‍വിയറിഞ്ഞിട്ടില്ല. നാലെണ്ണം ജയിച്ചപ്പോള്‍ രണ്ടില്‍ സമനില.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്ററിക്ക സെര്‍ബിയയുമായി ഏറ്റുമുട്ടും. സമാറയിലെ കോസ്‌മോസ് അരീനയില്‍ വൈകിട്ട് 5.30നാണ് കിക്കോഫ്.
















