തിരുവനന്തപുരം: പോലീസിലെ എല്ലാ കാര്യങ്ങള്‍ക്കും പോലീസ് നേതൃത്വത്തിനാണ് ഉത്തരവാദിത്വമെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്തതാണ് പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സംസ്കാരവും നിലനില്‍ക്കുന്ന രീതികളുമൊക്കെ മറ്റു പല സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും കുറെയേറെ ഫ്യൂഡല്‍ സ്വഭാവമുള്ളതാണ്. അത്തരം സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തില്‍ വരുമ്ബോള്‍ ചിലപ്പോള്‍ ഒരു കള്‍ച്ചറല്‍ ഷോക്ക് ഉണ്ടാകുന്നുണ്ടാകാം. കാരണം, എല്ലാവരും തുല്യരാണെന്ന നിലയിലാണ് കേരളത്തില്‍ കാര്യങ്ങള്‍ പോകുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നുണ്ടാകാം. അതാണ് പ്രശ്നമുണ്ടാക്കുന്നതെന്ന് സെന്‍കുമാര്‍ പറഞ്ഞു.
പോലീസുകാരെക്കൊണ്ട് ദാസ്യവേല ചെയ്യിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ പോലീസ് മേധാവികളുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകണം. നിതാന്ത ജാഗ്രതയുണ്ടായാല്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനാകൂ. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം നടപടിയെടുക്കുന്നതിനു പകരം ഒരു വ്യവസ്ഥയായി ഇത് രൂപപ്പെട്ടുവരണം. പോലീസ് ആക്ടിലുള്ള കാര്യങ്ങള്‍ പോലെതന്നെ ഇത്തരം കാര്യങ്ങളും പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉന്നതോദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും സെന്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: