തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ ആരും കെട്ടിയിറക്കിയത് അല്ലെന്ന് വി.എം. സുധീരന്‍. താഴെ തലത്തില്‍ നിന്ന് പ്രവര്‍ത്തിച്ചു വന്നതിനെ തുടര്‍ന്ന് ലഭിച്ച പദവിയാണ്. എന്നാല്‍ താന്‍ കെപിസിസി പ്രസിഡന്റായി വരുന്നത് ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടപ്പെട്ടില്ലെന്നും സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം രൂക്ഷമായിരിക്കെ പരസ്യ പ്രസ്താവന പാടില്ലെന്ന നേതൃത്വത്തിന്റെ വിലക്ക് നിലനില്‍ക്കെയാണ് ഉമ്മന്‍ചാണ്ടിക്കും ഗ്രൂപ്പു മാനേജര്‍മാര്‍ക്കുമെതിരെ സുധീരന്‍ ആഞ്ഞടിച്ചത്.
ക്രൂരമായ നിസംഗതയാണു താന്‍ നേതാവായി ബഹുമാനിക്കുന്ന അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പ്രസിഡന്റായി ചുമതലയേറ്റ ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ല. അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടപ്പോള്‍ നീരസമായിരുന്നു മുഖഭാവം. ജനപക്ഷയാത്ര പരാജയപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചു. താന്‍ നടത്തിയ ജാഥകളുടെ ഉദ്ഘാടനത്തിനു ഉമ്മന്‍ചാണ്ടിയെയാണു വിളിച്ചെങ്കിലും പ്രസംഗത്തില്‍ തന്റെ പേരു പരാമര്‍ശിക്കാന്‍ പോലും അദ്ദേഹം പിശുക്കുകാട്ടി. മനസു മടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണു ഉമ്മന്‍ചാണ്ടിയുടെയും മറ്റും ഭാഗത്തു നിന്നും ഉണ്ടായത്. ഇക്കാരണങ്ങളാലാണ് കെപിസിസി പ്രസിഡന്റു സ്ഥാനം രാജിവച്ചത്.
മദ്യനയത്തിന്റെ പേരില്‍ ഭരണം നഷ്ടപ്പെട്ടെന്നാണ് വിമര്‍ശനം. ബാറുകളാകെ പൂട്ടാന്‍ താന്‍ ആവശ്യപ്പെട്ടില്ല. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 418 ബാറുകള്‍ പൂട്ടാനാണു കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ പറഞ്ഞത്. മദ്യനയത്തിന്റെ പേരില്‍ തനിക്കു ലഭിച്ച ജനപിന്തുണയില്‍ അസൂയപൂണ്ടാണു ഉമ്മന്‍ചാണ്ടി എല്ലാ ബാറുകളും പൂട്ടിയത്.
ഗ്രൂപ്പടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ വെട്ടിനിരത്തിയതാണു തെരഞ്ഞെടുപ്പിലെ തോല്‍വിയ്‌ക്കു കാരണം. പരാജയം തന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍ ശ്രമിച്ചു. താന്‍ ചികിത്സയിലായിരുന്നപ്പോള്‍ എം.എം.ഹസന്‍ കെപിസിസി ആസ്ഥാനത്തു പത്രസമ്മേളനം നടത്തിയാണു തന്റെ രാജി ആവശ്യപ്പെട്ടത്
തെന്നല ബാലകൃഷ്ണപിള്ളയും സി.വി.പത്മരാജനും ഒഴിച്ചാല്‍ ബാക്കി എല്ലാ കെപിസിസി പ്രസിഡന്റുമാരും പരസ്യമായി കാര്യങ്ങള്‍ പറയാറുണ്ട്. എഐസിസി നേതൃത്വത്തെപ്പോലും അവഗണിച്ചു മുന്നോട്ടുപോയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം പദ്ധതി സംസ്ഥാന താല്‍പ്പര്യം കണക്കിലെടുക്കണമെന്ന് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഏ.കെ. ആന്റണിയുമായി കൂടിയാലോചിക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചു. എന്നാല്‍ നിര്‍ദ്ദേശം അവഗണിച്ച് ഉമ്മന്‍ചാണ്ടി ഒറ്റയ്‌ക്ക് തീരുമാനം എടുക്കുകയായിരുന്നു.
കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കി അധാര്‍മികമായാണു മാണി സീറ്റു പിടിച്ചുവാങ്ങിയത്. ഹിമാലയന്‍ വങ്കത്തരമാണ് കാട്ടിയത്. സീറ്റ് ചര്‍ച്ചയില്‍ ഘടകകക്ഷികളെ എന്തിനു കൂട്ടിയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും സുധീരന്‍ പറഞ്ഞു.
















