പത്തനംതിട്ട: റാന്നി മുക്കൂട്ടുതറ സ്വദേശി ജസ്‌നയെ ചെന്നൈ അയനാവരത്ത് വെളളല സ്ട്രീറ്റില്‍ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്വേഷണ സംഘം അവിടേക്കു തിരിച്ചു. ജസ്‌നയെ കാണാതായതിന് നാല് ദിവസത്തിന് ശേഷം കണ്ണടവച്ചതും കമ്മലിടാത്തതുമായ പെണ്‍കുട്ടി വെള്ളല സ്ട്രീറ്റിലെ കടയില്‍ ഫോണ്‍ ചെയ്യുന്നതു കണ്ടെന്ന് പ്രദേശവാസിയും മലായാളിയുമായ അലക്‌സ് വെളിപ്പെടുത്തിയിരുന്നു. ഇത് എരുമേലി പോലീസില്‍ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇക്കാര്യം അപ്പോള്‍ തന്നെ അന്വേഷിച്ചതായി അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരന്‍ പിള്ള പറഞ്ഞു. വെള്ളലയിലെ എസ്ടിഡി ബൂത്തിലെ ഫോണ്‍ കോളുകള്‍ പരിശോധിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് ഒരു കോള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അത് ജസ്‌നയുമായി ബന്ധപ്പെട്ടതായിരുന്നില്ല. കഴിഞ്ഞ ദിവസത്തെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചെന്നൈയിലേക്ക് അന്വേഷണത്തിന് ഷാഡോ സംഘത്തെ അയച്ചതെന്ന് ഡിവൈഎസ്പി പറഞ്ഞു.
ചെന്നൈയില്‍ ലഭ്യമായ വിവരം വെച്ചൂച്ചിറ സ്റ്റേഷനില്‍ ജസ്‌നയെ കാണാതായതിന്റെ നാലാം ദിവസം ലഭിച്ചിട്ടും പോലീസ് നിരുത്തരവാദപരമായി പെരുമാറിയെന്ന് ജസ്‌നയുടെ സഹോദരന്‍ ജയ്‌സ് പറഞ്ഞു. ജസ്‌നയെപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായി നുണ പരിശോധനയടക്കമുള്ള മാര്‍ഗങ്ങളിലേക്ക് പോലീസ് നീങ്ങുകയാണ്. ജസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളിയിലെ കോളേജ് ഉള്‍പ്പെടെ പന്ത്രണ്ട് സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണപ്പെട്ടികള്‍ രണ്ടുദിവസത്തിനുള്ളില്‍ പൊലീസ് തുറന്നു പരിശോധിക്കും. ഇതില്‍ നിന്ന് ജസ്‌നയുടെ തിരോധാനം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുമെന്നുള്ള പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
















