വീടിനു ഭംഗികൂട്ടാന്‍ അലങ്കാരച്ചെടികള്‍ നട്ടു വളര്‍ത്തുന്നതാണ് പതിവ്. ചെടികള്‍ തഴച്ചു വളരാനും പുഷ്പ്പിക്കാനും ധാരാളം പണവും മലയാളികള്‍ മുടക്കുന്നു. ഇതേരീതിയില്‍ പച്ചക്കറികളുപയോഗിച്ചും വീട്ടുമുറ്റം അലങ്കരിക്കാം. ഭംഗിക്കൊപ്പം അടുക്കളയ്ക്കും ഒരു കൈത്താങ്ങാവുന്ന മാറ്റമാണിത്. പച്ചക്കറിത്തോട്ടങ്ങള്‍ വളരെ ലളിതവും മനോഹരവുമായി വീടിന് അനുയോജ്യമായ ഉദ്യാനമായി വളര്‍ത്തിയെടുക്കാം. നല്ല കാറ്റും വെളിച്ചവും ലഭിക്കുന്ന സ്ഥലമാണ് തെരഞ്ഞെടുക്കേണ്ടത്. വീടിന്റെ ഭംഗിയും സ്ഥലത്തിന്റെ ലഭ്യതയും മനസ്സില്‍ കണ്ടുവേണം പച്ചക്കറി ഉദ്യാനം നിര്‍മിക്കാന്‍. നല്ല അടുക്കും ചിട്ടയുമായി വരികളിലോ, പോളിബാഗുകളിലോ പച്ചക്കറിത്തൈകള്‍ വളര്‍ത്താം. ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ ഹൈബ്രിഡ് വിത്തിനങ്ങള്‍ ഇന്ന് ലഭ്യമാണ്. വീട്ടിലെ നടപ്പാതകളോട് ചേര്‍ന്ന് ഇലച്ചെടികളും ഒപ്പം കാബേജ്, കോളിഫ്ളവര്‍, മുളക്, വെണ്ട, പയര്‍, സലാഡ്, വെള്ളരി തുടങ്ങിയവ വീട്ടിലേക്ക് ആവശ്യാനുസരണം വളര്‍ത്തിയെടുക്കാം.
ചരിഞ്ഞ ഭൂമി തട്ടുകളായി തിരിച്ച് ചെടികള്‍ നടാവുന്നതാണ്. ആദ്യമേതന്നെ ബെഡ്ഡുകള്‍ തയാറാക്കുക. മണ്ണില്‍ നിന്ന് ആറിഞ്ച് പൊക്കത്തില്‍ ബെഡ്ഡുകള്‍ നിര്‍മിക്കാം. ഇവയുടെ അതിര്‍ത്തികള്‍ തടിയോ കല്ലുകളോ ഉപയോഗിച്ച് അലങ്കരിക്കാം. പ്രധാന ആകര്‍ഷണങ്ങളായി റെഡ്ലേഡി പപ്പായ പോലുള്ള പഴവര്‍ഗങ്ങള്‍ നടാവുന്നതാണ്. അവയ്ക്ക് പ്രത്യേക ആകൃതിയില്‍ ബെഡ്ഡ് ഒരുക്കുന്നത് ഭംഗികൂട്ടും. മുളങ്കമ്പുകള്‍കൊണ്ട് തീര്‍ക്കുന്ന വേലിയും ഇരിപ്പിടങ്ങളും മറ്റൊരു പ്രധാന ആകര്‍ഷണമാണ്. ആര്‍ച്ചുകള്‍ നിര്‍മിച്ച് അതില്‍ പടര്‍ന്നു കയറുന്ന ചെടികള്‍ വളര്‍ത്താവുന്നതാണ്. വിവിധ ആകൃതിയിലുള്ള ചെടിച്ചട്ടികളും അവയിലെ അലങ്കാരങ്ങളും ഉദ്യാനത്തിന് മാറ്റു കൂട്ടും.
സ്ഥലപരിമിതിയാണ് പലപ്പോഴും നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനെ ഒരു പരിധിവരെ കുറയ്ക്കുവാന്‍ വെര്‍ട്ടിക്കല്‍ കൃഷിരീതിക്ക് സാധിക്കും. മതിലുകളോടുചേര്ന്ന് ഇത് പരീക്ഷിക്കാവുന്നതാണ്. കയറുകള്‍ കെട്ടി വള്ളിച്ചെടികളും മതിലിനോട് ചേര്‍ത്ത് വളര്‍ത്താവുന്നവയാണ്. എല്ലാ പച്ചക്കറികള്‍ക്കും അടുത്തെത്താനുള്ള നടപ്പാത പ്രധാനമാണ്. അവ കല്ലുപാകിയോ ഗ്രാവല്‍ ഉപയോഗിച്ചോ ഭംഗിയാക്കാം. കളകളെ നിയന്ത്രിക്കാന്‍ ഒരു പരിധിവരെ ഇത് സഹായിക്കും. നിരപ്പായ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് മള്‍ച്ചിംഗ് വഴിയും കളകളെ നിയന്ത്രിക്കാം.
ജൈവകീടനിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ബന്തി തുടങ്ങിയ ചെടികള്‍ വളര്‍ത്തുന്നത് കീടശല്യം പച്ചക്കറികളില്‍ കുറയ്ക്കുകയും പുഷ്പഭംഗി കൂട്ടുകയും ചെയ്യുന്നു. പച്ചക്കറികള്‍ മാറിമാറി കൃഷി ചെയ്യുന്നത് കീടങ്ങളെ കുറയ്ക്കുന്നതോടൊപ്പം ഉദ്യാനത്തിന് വ്യത്യസ്തതയും നല്കുന്നു. അടുക്കളയിലേക്ക് പച്ചക്കറികള്‍ എടുക്കുന്ന പോലതന്നെ അടുക്കള മാലിന്യങ്ങള്‍ കൊണ്ടുള്ള മൈക്രോബിയല്‍ കമ്പോസ്റ്റ് ഇവയ്ക്ക് വളമായി ഉപയോഗിക്കാം. ഒപ്പം പച്ചിലവളങ്ങളും വെള്ളവും ആവശ്യത്തിനു നല്‍കണം. ഒരു വെടിക്ക് രണ്ടു പക്ഷി എന്നു പറയുന്നതുപോലെയാണ് ഈ പച്ചക്കറി ഉദ്യാനം. അടുക്കളയിലെ പച്ചക്കറി ആവശ്യങ്ങളും വീടിന്റെ ഭംഗിയും സാധ്യമാകും. ജൈവപച്ചക്കറിത്തോട്ടങ്ങള്‍ വര്‍ധിച്ചുവരുന്ന കേരളത്തില്‍ ഉദ്യാനങ്ങള്‍ക്ക് പുതിയമുഖം വരട്ടെ. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ സന്തോഷം നല്‍കുന്നതാണ് ഈ പരീക്ഷണങ്ങള്‍. രാവിലെയോ വൈകിട്ടോ ഇത്തിരി നേരം ഇവയുടെ പരിപാലനത്തിനായി മാറ്റിവച്ചാല്‍ പച്ചക്കറി ഉത്പാദനത്തില്‍ നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ നമുക്കു സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: