എരിവിലും വിലയിലും നിലമ്പൂര്‍ കാന്താരിയെ വെല്ലാന്‍ ഒരു മുളകിനത്തിനും സാധിച്ചിട്ടില്ല. നിലമ്പൂര്‍ കാന്താരി മുളകിന്റെ രാജ്ഞിയെന്നാണ് അറിയപ്പെടുന്നത്. എരിവിനും ഗുണത്തിനും പേരുകേട്ട നിലമ്പൂര്‍ കാന്താരി കിലോയ്ക്ക് 400 മുതല്‍ 1500 രൂപവരെയാണ് വിപണിവില. മലയോര മേഖലകളായ വയനാട്, നിലമ്പൂര്‍, കരുളായി എന്നിവിടങ്ങളിലാണ് നിലമ്പൂര്‍ കാന്താരി വ്യാപകമായി കൃഷിചെയ്യുന്നത്.
കാന്താരി കൃഷി കേരളത്തില്‍ ഇനിയും വ്യാപകമാകാത്തതിനാല്‍ വിപണിയില്‍ നിന്നുള്ള ആവശ്യത്തിനനുസരിച്ച് കാന്താരി എത്തിക്കാന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ലഭ്യതക്കുറവ് വിലകൂടാനും കാരണമായിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയാനും ഹൃദ്രോഗ ചികിത്സയ്ക്കും നിലമ്പൂര്‍ കാന്താരി ഉത്തമമാണെന്ന വാര്‍ത്തകള്‍ക്ക് പ്രചാരം ലഭിച്ചതോടെയാണ് ആവശ്യക്കാരുടെ എണ്ണവും വര്‍ധിച്ചത്.
നിലമ്പൂരിലെ കരുളായി ഉള്‍വനങ്ങളില്‍ ധാരാളമായി കാണപ്പെടുന്ന നിലമ്പൂര്‍ കാന്താരി ആദിവാസി വിഭാഗമായ ചോലനായ്ക്കരാണ് ശേഖരിച്ച് പുറംലോകത്തെത്തിച്ചത്. എന്നാല്‍ ഇടനിലക്കാര്‍ വഴിയാണ് ഇത് വിപണിയില്‍ എത്തുന്നത് എന്നതിനാല്‍ ആദിവാസികള്‍ക്ക് ലഭിക്കുന്നത് കിലോയ്ക്ക് 100 മുതല്‍ 200 രൂപവരെ മാത്രമാണ്. വിപണിയില്‍ നിലമ്പൂര്‍ കാന്താരിക്ക് 400 മുതല്‍ 600 രൂപവരെ വില ലഭിക്കുമ്പോഴാണിത്. ചില സമയത്ത് കിലോയ്ക്ക് 1500 രൂപവരെ ലഭിച്ചതായി വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്താരി മുളകിന്റെ വില ഇടിഞ്ഞിട്ടില്ല. മെയ്, ജൂണ്‍ മാസങ്ങളിലാണ് നിലമ്പൂര്‍ കാന്താരിയുടെ വിളെവെടുപ്പ്. കേരളത്തിലുള്ളതിനേക്കാള്‍ ആവശ്യക്കാരാണ് വിദേശ വിപണികളില്‍ നിലമ്പൂര്‍ കാന്താരിക്കുള്ളത്. ഗള്‍ഫ് നാടുകളാണ് കേരളത്തിന്റെ ഈ നാടന്‍ രാജ്ഞിയുടെ പ്രധാന വിപണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: