തിരുവനന്തപുരം: മാധ്യമങ്ങള്‍ നാടിനെയാകെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമ ധര്‍മം നിര്‍വഹിക്കേണ്ടതിനു പകരം മാധ്യമങ്ങള്‍ നാടിനെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. കൊലപാതക കേസുകളില്‍ മുഖ്യമന്ത്രിയെ പ്രതിയാക്കാനാണ് ശ്രമിക്കുന്നത്. കൊലപാതകം നടന്നാല്‍ അതിന്റെ ഉത്തരവാദികളെ കണ്ടെത്താനല്ല പോലീസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണെന്നുമുള്ള സന്ദേശമാണ് മാധ്യമങ്ങള്‍ പരത്തുന്നത്. വാര്‍ത്തകള്‍ നല്കിയാല് മതി, വിധി പറയാന്‍ നില്‍ക്കേണ്ട. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഏകപക്ഷീയമായ വിധിയാണ് മാധ്യമങ്ങള്‍ പറയുന്നത്. കെവിന് കേസില്‍ ഡിജിപിക്ക് ഒരു റിപ്പോര്‍ട്ട് ഐജി നല്‍കിയതായി ഒരു ചാനലില്‍ ഒരു വാര്‍ത്ത വന്നു. എന്നാല്‍, അങ്ങനെയൊരു റിപ്പോര്‍ട്ട് നല്കിയിട്ടേയില്ല. പിന്നീട് ഐജിയോട് ചോദിച്ചപ്പോള്‍ റിപ്പോര്‍ട്ട് നല്‍കും എന്ന് തിരുത്തി. എന്തിനാണ് ഇല്ലാത്ത ഒരു വാര്‍ത്ത കെട്ടിച്ചമയ്ക്കുന്നത്.
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളില്‍ മുഖ്യമന്ത്രി പ്രകോപിതനായി. സാധാരണയില്‍ നിന്ന് ഗൗരവം വെടിഞ്ഞുള്ള രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാര്‍ത്താസമ്മേളനം. കൊലപാതകവുമായി ബന്ധപ്പെട്ട് കെവിന്റെ ഭാര്യ നീനുവിന്റെ പരാതിയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞ പിണറായി എസ്ഐ എം.എസ്. ഷിബുവിന്റെ സുരക്ഷാ ചുമതല സംബന്ധിച്ച ചോദ്യം ഉയര്‍ന്നപ്പോള്‍ പ്രകോപിതനായി. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വ്യക്തിപരമായി കാണാതെ പോസിറ്റീവ് ആയി കണ്ടുകൂടേ എന്ന ചോദ്യത്തിന്, എന്തിനാണ് ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയുടെ പരിപാടിയാണ് ഇതിനെല്ലാം കാരണമായത് എന്ന തരത്തിലാണ് വാര്‍ത്ത കൊടുത്തത്. നിങ്ങളാരാണ് എന്നു സമൂഹത്തിന് അറിയണമല്ലോ. ആ ഉത്തരവാദിത്വം എനിക്കുമുണ്ട്. നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യുന്നുണ്ടാകാം, എന്നാല്‍ എന്താണു നിങ്ങളുടെ മുകളില്‍ ഇരിക്കുന്നവരുടെ ഉദ്ദേശ്യം എന്നതു സമൂഹത്തിനു മനസ്സിലാകണം.
മുഖ്യമന്ത്രിയുടെ സുരക്ഷാ ജോലിയുണ്ടെന്നു പോലീസ് പറഞ്ഞതാണെന്നു പരാതിക്കാരിയായ യുവതിയുടെ ആരോപണമാണെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും നിങ്ങളുണ്ടാക്കിയതാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രോഷം പൂണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ജയരാജന് കുറിപ്പു കൊടുത്തു. ഇനിയൊന്നും സാസാരിക്കാനില്ലെന്ന് കാട്ടി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം മതിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: