അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊള്ളരുതാത്തവനാണെന്നാണ് കഴിഞ്ഞ ദിവസം അന്തരിച്ച വിഖ്യാത അമേരിക്കന്‍ എഴുത്തുകാരന് ഫിലിപ്പ് റോത്ത് പറഞ്ഞത്. ട്രംപ് ഭ്രാന്തനാണെന്ന് പലരും പറഞ്ഞകൂട്ടത്തില്‍ നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിം ഉന്‍ ജോങും പറഞ്ഞിരുന്നു. കൊള്ളരുതാത്തവനും ഭ്രാന്തനുമിടയില് നീച തന്ത്രങ്ങളുടെ കാര്യസ്ഥന് എന്നുള്ള പേരും കൂടി ട്രംപിനു സ്വന്തമാണെന്നു തോന്നുന്നു. ഉത്തരകൊറിയയുമായി ജൂണ്‍ മാസം 12ന് സിംഗപ്പൂരില്‍ നടത്താനിരുന്ന ഉച്ചകോടിയില്‍ നിന്നും യുഎസ് പിന്മാറിയത് ട്രംപിന്റെ നീച തന്ത്രത്തിന്റെ ഭാഗമാണെന്നു കരുതുന്നവര്‍ ലോകത്ത് അധികമാണ്. ഉച്ചകോടിക്കു മുന്നോടിയായി ഉത്തരകൊറിയ രാജ്യത്തെ ആണവപരീക്ഷണ കേന്ദ്രം സ്ഫോടനത്തിലൂടെ സ്വയം നശിപ്പിച്ചതിന്റെ തൊട്ടുപിന്നാലെയാണ് യുഎസിന്റെ ഉച്ചകോടിയില്‍നിന്നുള്ള പിന്മാറ്റമുണ്ടായത്.
എന്തായാലും ലോകത്തിനു തന്നെ ഭീഷണിയായി കഴിഞ്ഞകുറെ കാലമായി നിലനിന്നിരുന്ന ഉത്തരകൊറിയയുടെ ആണവ ഭീഷണി തല്ക്കാലം അവസാനിച്ചത് നല്ലതു തന്നെ. നാഴികയ്ക്കു നാല്‍പ്പതു വട്ടം ലോകത്ത് പുതുയുദ്ധത്തിനുള്ള കോപ്പുകളാണ് ഭീഷണിയിലൂടെ കിം നടത്തിക്കൊണ്ടിരുന്നത്. ദക്ഷിണ കൊറിയയെഏതു നിമിഷവും പരിഹസിച്ചും ഭീഷണിപ്പെടുത്തിയും കൊച്ചാക്കിയും ജപ്പാനുമേലെ കുതിരകേറിയും അമേരിക്കെയ വെല്ലുവിളിച്ചും കിം നടത്തിയ ഭീഷണിക്ക് അറുതിയായതില് ലോകം ആശ്വസിക്കുന്നുണ്ടെന്നുള്ളതും നേരുതന്നെ.അതിനിടയില്‍ ഇത്തരമൊരു തിരിച്ചടി അമേരിക്കയില്‍നിന്നും കിട്ടിയത് നന്നായിപ്പോയെന്നും വിചാരിക്കുന്നവര്‍ കുറവല്ല. പക്ഷേ രാജ്യങ്ങള്‍ തമ്മിലൊരു നീതിയുംഅതിലധിഷ്ഠിതമായ നയതന്ത്രവുമുണ്ട്.അതിനെയാണ് യുഎസ് കത്തിവെച്ചിരിക്കുന്നത്.
കൊടും യുദ്ധഭീഷണി നിലനിര്‍ത്തിക്കൊണ്ടാണ് കിം പെട്ടെന്നു ലോകത്തിന്റെ സമാധാന ദൂതനായത്. അതിനെ ലോകം കൈയടിച്ചു വാഴ്ത്തി.പ്രത്യേകിച്ചു അമേരിക്ക. കിം ചൈന സന്ദര്‍ശിച്ചു. ദക്ഷിണ കൊറിയന്‍ രാഷ്ട്രത്തലവനുമായി കൈകോര്‍ത്തു.സമാധാനത്തിനു വേണ്ടി ആണവനിര്‍വ്യാപനവുമായി മുന്നോട്ടുപോകും എന്നും മറ്റുമുള്ള കിമ്മിന്റെ വാക്കും ഇടപെടലും ലോകം സന്തോഷത്തോടെയാണ് കണ്ടത്. പക്ഷേ അത്തരം ആഹ്ളാദത്തിനു മീതെയാണ് ഇപ്പോള്‍ കരിനിഴല്‍ വീണിരിക്കുന്നത്. ദക്ഷിണ കൊറിയ-അമേരിക്കസംയുക്ത സൈനികാഭ്യാസത്തിന് ഉത്തരകൊറിയ അതൃപ്തി അറിയിച്ചതാണ് അമേരിക്കയെ പ്രകോപിച്ചതും ഉച്ചകോടിയില്‍നിന്നും പിന്മാറിയെതെന്നുമാണ് അറിയുന്നത്. പല കുതന്ത്രങ്ങളും പയറ്റിത്തെളിഞ്ഞ അമേരിക്കയ്ക്കു ഇങ്ങനെ ഓരോന്നു പറയാനുണ്ടാകും. പക്ഷേ അതിലുപരി ലോക സമാധാനത്തിനായുള്ള പ്രാര്‍ഥനയുടെ വെട്ടങ്ങള്ക്കു പുറംതിരിച്ചതിന് അമേരിക്കയ്ക്കെന്തു സമാധാനമാണ് ലോകത്തോടു പറയാനുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: