ബെംഗളൂരു: എന്റെ ഭാര്യയെ ആരും വിളിച്ചിട്ടില്ല, അത് എന്റെ ഭാര്യയുടെ ശബ്ദവുമല്ല… യെല്ലാപുരിലെ കോണ്‍ഗ്രസ് എംഎല്‍എ ശിവറാം ഹെബ്ബറുടെ ഈ വെളിപ്പെടുത്തലില്‍ അഴിഞ്ഞുവീഴുന്നത് ആ പാര്‍ട്ടിയുടെ കപടമുഖം.
ജനവിധി എതിരായിട്ടും ബിജെപിയെ അധികാരത്തില്‍ നിന്നു മാറ്റി നിര്‍ത്താന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തിയ കള്ളക്കളികളുടെ ചുരുളഴിയുന്നു. കോടിക്കണക്കിനു പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിന്റേയും ജെഡിഎസ്സിന്റെയും എംഎല്‍എമാരെ ബിജെപി കൂറുമാറ്റത്തിനു പ്രേരിപ്പിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. തെളിവായി ബിജെപിക്കെതിരെ ചില വീഡിയോ, ഓഡിയോ തെളിവുകളും കോണ്‍ഗ്രസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ഹാജരാക്കിയിരുന്നു.
ശിവറാം ഹെബ്ബറുടെ ഭാര്യയെ മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഫോണില്‍ വിളിച്ച് 15 കോടി രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് ഉഗ്രപ്പ അവതരിപ്പിച്ച ഓഡിയോ ടേപ്പായിരുന്നു അതിലൊന്ന്. ആ കള്ളക്കളി കോണ്‍ഗ്രസ് എംഎല്‍എ തന്നെ പൊളിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ശിവറാം ഹെബ്ബര്‍ എല്ലാം തുറന്നു പറഞ്ഞത്. ആ ടേപ്പ് വ്യാജമാണ്. എന്റെ ഭാര്യയെ ആരും വിളിച്ചിട്ടില്ല. പാര്‍ട്ടിയുടെ ആരോപണം എനിക്കു തന്നെ അപമാനമായി. ആ ഓഡിയോ വ്യാജമാണെന്നും അതില്‍ കേള്‍ക്കുന്ന ശബ്ദം തന്റെ ഭാര്യയുടേതല്ലെന്നും ശിവറാം പറയുന്നു.
കോണ്‍ഗ്രസ് ഹാജരാക്കിയ തെളിവുകളെല്ലാം വ്യാജമാണെന്നും അതില്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ മിമിക്രിയാണെന്നും ബിജെപി നേരത്തേ ആരോപിച്ചിരുന്നു. അതു ശരിവെക്കുന്ന തരത്തിലാണ് കോണ്‍ഗ്രസിന്റെ തന്നെ എംഎല്‍എയുടെ പ്രതികരണം.
യെദ്യൂരപ്പ വിശ്വാസവോട്ടു തേടിയ ദിവസം ഉച്ചയ്‌ക്കാണ് ഈ ടേപ്പ് കോണ്‍ഗ്രസ് നേതാവ് ഉഗ്രപ്പ പത്രസമ്മേളനത്തില്‍ പുറത്തു വിട്ടത്. എംഎല്‍എമാരെ പിടിക്കാന്‍ യെദ്യൂരപ്പ പണം നല്‍കുന്നു, ശബ്ദം യെദ്യൂരപ്പയുടേത് എന്നിങ്ങനെ മാധ്യമങ്ങള്‍ ഇത് ആഘോഷിക്കുകയും ചെയ്തു.
റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതിനാല്‍ ശിവറാം ഇക്കാര്യമെല്ലാം വൈകിയാണ് അറിഞ്ഞത്. തന്റെ ഭാര്യയും ബിജെപി നേതാക്കളും സംസാരിക്കുന്ന തരത്തിലുള്ള ടേപ്പ് വാര്‍ത്താ ചാനലുകളില്‍ വന്നത് വൈകിയാണ് അറിഞ്ഞതെന്ന് ശിവറാം ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. അതില്‍ കേള്‍ക്കുന്ന ശബ്ദം എന്റെ ഭാര്യയുടേതല്ല. ബിജെപി നേതാക്കളാരും എന്റെ ഭാര്യയെ വിളിച്ചിട്ടുമില്ല. ആ ടേപ്പ് വ്യാജമാണ്. ഈ നടപടിയെ ശക്തമായി അപലപിക്കുന്നു, പോസ്റ്റില്‍ തുടര്‍ന്നു പറയുന്നു.
കോണ്‍ഗ്രസിന്റെ ലജ്ജാകരമായ നടപടിയാണ് ശിവറാമിന്റെ തുറന്നു പറച്ചിലിലൂടെ പുറത്തു വന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു. തുടര്‍ച്ചയായി നുണകള്‍ പ്രചരിപ്പിക്കുകയായിരുന്നു അവര്‍. മാധ്യമങ്ങളേയും അവര്‍ തെറ്റിദ്ധരിപ്പിച്ചു, അമിത് പറഞ്ഞു. ശിവറാമിന്റെ വെളിപ്പെടുത്തലിനോട് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ടേപ്പിലെ ശബ്ദം ശിവറാമിന്റെ ഭാര്യയുടേതാണെന്ന് താന്‍ പറഞ്ഞിട്ടില്ല എന്ന അടുത്ത കള്ളക്കഥയുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ടേപ്പ് പുറത്തു വിട്ട കോണ്‍ഗ്രസ് നേതാവ് ഉഗ്രപ്പ.
















