പലവഴിയില്‍ ആദായം നേടിത്തരുന്ന കാര്‍ഷിക മേഖലയാണ് കൂവ കൃഷിമേഖല. നല്ല ചൂടും ഈര്‍പ്പവുമുള്ള കേരളത്തിലെ കാലാവസ്ഥയും മണ്ണും കൂവകൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടവിളക്കൃഷിയായി കൂവകൃഷി നടത്തിവരുന്നുണ്ട്. എന്നാല്‍ ഇടവിളക്കൃഷിയില്‍ നിന്നുപോലും കര്‍ഷകര്‍ക്ക് മികച്ച വരുമാനമാണ് ലഭിക്കുന്നത്.
അന്തരീക്ഷത്തിലെ ചൂട് 20 മുതല്‍ 30 ഡിഗ്രിവരെ, വര്‍ഷം തോറും 1500 മുതല്‍ 2000 വരെ മില്ലിമീറ്റര്‍ മഴ എന്നിവയാണ് കൂവക്കൃഷിക്ക് ഏറ്റവും അനുയോജ്യം. കൃഷി ചെയ്യുന്നതിനായി രോഗബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതുമായ ചെടികളില്‍ നിന്നുള്ള വിത്തുകള്‍ ശേഖരിക്കലാണ് ആദ്യപടി. നല്ല താഴ്ചയുള്ള, വളക്കൂറുള്ള, നീര്‍വാര്‍ച്ചയുള്ള, മണല്‍ കലര്‍ന്ന പശിമരാശി മണ്ണ് കിളച്ചൊരുക്കി കൃത്യമായ അകലത്തില്‍ ചെറുകുഴികള്‍ എടുത്ത് മുകുളം മുകളിലാക്കി വിത്തുകള്‍ നടണം. ഈ മുകുളം മൂടത്തക്കവിധം ചാണകപ്പൊടിയിട്ട് അതിനുമുകളിലായി കരിയിലകൊണ്ടോ വൈക്കോല്‍ കൊണ്ടോ പുതയിടണം.
കളകള്‍ കൃഷികാലയളവില്‍ രണ്ടോ മൂന്നോ തവണ നീക്കം ചെയ്യേണ്ടതാണ്. കളകള്‍ നീക്കം ചെയ്യുന്നതോടൊപ്പം മണ്ണ് തടത്തിലേക്ക് അടുപ്പിക്കുകയും പുതയിടുകയും വേണം. രാസവള മിശ്രിതമായ എന്‍.പി.കെ. യഥാക്രമം 50:25:75 കിലോഗ്രാം ഒരു ഹെക്ടറിന് എന്ന തോതില്‍ നല്‍കേണ്ടതാണ്. കൂവ നട്ട് ഏകദേശം ഏഴു മാസമാകുമ്പോള്‍ വിളവെടുക്കാം. ഇലകള്‍ കരിഞ്ഞ് അമരുന്നതാണ് വിളവ് പാകമായതിന്റെ ലക്ഷണം.
കിഴങ്ങുകള്‍ മുറിയാതെ താഴ്ത്തി കിളച്ചെടുത്ത് വേരുകളും തണ്ടും നീക്കി വൃത്തിയാക്കിയതിനുശേഷം ഉണക്കി സൂക്ഷിക്കാം. കിഴങ്ങു കുടുംബക്കാരനായ കൂവയുടെ നീരില്നിന്നും ഉദ്പ്പാദിപ്പിക്കുന്ന കൂവപ്പൊടിയാണ് കൂവക്കൃഷിയുടെ പ്രധാന ഉല്‍പ്പന്നം. ആരോറൂട്ട് ബിസ്ക്കറ്റ് നിര്‍മ്മാണ മേഖലയില്‍ വന്‍ വിപണിയാണ് കൂവപ്പൊടിക്കുള്ളത്. കൂടാതെ മറ്റ് ആരോഗ്യ പാനീയ പൊടികളിലും കൂവപ്പൊടി ചേര്‍ക്കാറുണ്ട്. 25 മുതല്‍ 28 വരെ ശതമാനംവരെ അന്നജവും മൂന്ന് ശതമാനത്തോളും നാരുകളും കൂവക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ളതിനാല്‍ കൂവക്കിഴങ്ങും കൂവപ്പൊടിയും ഉത്തമ ആഹാരമാണ്. ദഹനക്കേട്, വയറിളക്കം പോലുള്ള അസുഖങ്ങള്‍ മാറാന്‍ പഴമക്കാര്‍ കൂവ കാച്ചികുടിക്കുക പതിവാണ്.
തിരുവാതിര നോമ്പു നോക്കുന്ന സ്ത്രീകളുടെ പ്രധാന ഭക്ഷണമാണ് കൂവ കുറുക്കിയത്. കൂവപ്പൊടി പായസം, ഹല്‍വ, പുഡിങ് മുതലായ സ്വാദിഷ്ഠമായ വിഭവളുണ്ടാക്കാന്‍ കൂവപ്പൊടി ഉപയോഗിക്കുന്നു. കൂവക്കിഴങ്ങ് അരച്ചെടുത്ത് വെള്ളത്തില്‍ കലക്കി മാവ് അടിഞ്ഞ് കിട്ടുന്ന തെളിവെള്ളം നല്ലൊരു കീടനാശിനിയാണ്. മൂത്രാശയ രോഗങ്ങള്‍ക്കും കൂവ ഉത്തമമാണെന്ന് ആയുര്‍വേദം പറയുന്നു.
വീട്ടില്‍ ഒരു കറിവേപ്പും വേണം
സ്വാദിഷ്ഠമായി എന്തു കറികള്‍ തയ്യാറാക്കണമെങ്കിലും കറിവേപ്പില ആവശ്യമാണ്. കറിവേപ്പില ഒഴിച്ചു നിര്‍ത്തിയുള്ള പാചകത്തെക്കുറിച്ച് വീട്ടമ്മമാര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. കേരളത്തില്‍ ആവശ്യത്തിനുള്ള കറിവേപ്പില എത്തുന്നത് തമിഴ്നാട്ടില്‍നിന്നാണ്. തമിഴ്നാട്ടിലെ പാടങ്ങളില്‍ അമിത കീടനാശിനി തളിച്ച് വിളയിക്കുന്നവ നമ്മള് അമിത വില നല്‍കിയാണ് വാങ്ങി ഉപയോഗിക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ നമ്മള്‍തന്നെ തയ്യാറാവണം. വീട്ടിലെ അടുക്കളത്തോട്ടങ്ങളില്‍ പച്ചക്കറികള്‍ക്കൊപ്പം കറിവേപ്പിലയും നട്ടുവളര്‍ത്തണം.
നഗരങ്ങളില്‍ ചട്ടികളിലും ഗ്രോബാഗുകളിലും കറിവേപ്പില വളരുന്നുണ്ട്. വീടുകളില്‍ ഒന്നോ രണ്ടോ തൈകള്‍ ഗ്രോ ബാഗിലോ ചട്ടിയിലോ വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് നഴ്സറികളില്‍ നിന്ന് കരുത്തുള്ള തൈകള്‍ തിരഞ്ഞെടുക്കുകയാണ്. ചട്ടിയിലാണ് വളര്‍ത്തുന്നതെങ്കില്‍ ചെടി വലുതാകുന്നതനുസരിച്ച് ചട്ടിമാറ്റി വലിയ പാത്രങ്ങളിലേക്ക് മാറ്റി നടണം. കൃഷിയിടത്തിലാണ് കറിവേപ്പില നടുന്നതെങ്കില്‍ കുഴിയെടുക്കുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ളതും വെള്ളം കെട്ടിനില്ക്കാത്തതും, നല്ല സൂര്യപ്രകാശം കിട്ടുന്നതുമായ സ്ഥലമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഏതാണ്ട് ഒരടി നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് കാലിവളം, മണല്‍, മണ്ണ്, ഓരോ കുഴിക്കും 100 ഗ്രാം വേപ്പിന്‍പിണ്ണാക്ക്, 50 ഗ്രാം കുമ്മായം എന്നിവ ചേര്‍ത്ത് നിറയ്ക്കണം. അതിനുശേഷം ഈ മിശ്രിതത്തില്‍ ചെറിയ മുക്കാല്‍ അടിയുള്ള തൈ നടാം. വേനല്‍ക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ ചെടി നനച്ചുകൊടുക്കണം. ചെടി വളരുന്നതിനനുസരിച്ച് മൂന്നു മാസത്തിലൊരിക്കല്‍ മുരടില്‍നിന്ന് ഒരടിവിട്ട് ചുവടുകിളച്ച് ജൈവ വളംചേര്‍ത്ത് ഇളക്കിക്കൊടുക്കണം. കൊമ്പ് വലുതായിവരുമ്പോള്‍ കോതിക്കൊടുത്താല്‍ ചില്ലകള്‍ കൂടുതല്‍ ഇടതൂര്‍ന്ന് വളരും.
കഞ്ഞിവെള്ളമാണ് കറിവേപ്പിലയ്ക്ക് ഏറ്റവും ഫലപ്രദമായ കീടനാശിനിയും വളവും. തൈകള്‍ ചട്ടികളില്‍ നട്ട് ഒന്നോ രണ്ടോ ഇലക്കൂമ്പുകള്‍ വന്നാല്‍ കഞ്ഞിവെള്ള പ്രയോഗം തുടങ്ങാവുന്നതാണ്. തലേ ദിവസത്തെ കഞ്ഞിവെള്ളം പുളിച്ചതിനുശേഷം അല്‍പ്പം വെളുത്തുള്ളി ചതച്ചിടണം. അതിനുശേഷം അല്‍പ്പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളില്‍ സ്പ്രേ ചെയ്തു കൊടുക്കാം. സൈലിഡ് കീടം, ശലഭപ്പുഴുക്കള്‍, തേയിലക്കൊതുക്, തണ്ടിലും ഇലയിലും വെളുത്ത പാടപോലെ വളരുന്ന ഫംഗസ് എന്നിവയെയെല്ലാം തുരത്താനുള്ള ഒറ്റമൂലിയാണ് ഈ കഞ്ഞിവെള്ള പ്രയോഗം നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: