ചുരുങ്ങിയ സ്ഥലത്ത് ലളിതമായ രീതിയില്‍ കൃഷിചെയ്താല്‍ മികച്ച വരുമാനം നേടാന്‍ സാധിക്കുന്ന കൃഷികളില്‍ ഒന്നാണ് ചീരക്കൃഷി. പച്ചക്കറി വിഭാഗങ്ങളില്‍ ഇന്ന് ഏറ്റവും ആവശ്യക്കാറുള്ളത് ഇലയിനത്തില്പ്പെട്ടവയ്ക്കാണ്. മികച്ച ആരോഗ്യം പ്രദാനം ചെയ്യുന്ന ഇനമായതിനാലാണ് ഇവയ്ക്കു ആവശ്യക്കാര്‍ ഏറിവരുന്നത് കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്ത് ചീരക്കര്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
പോഷകങ്ങള്കൊണ്ടും വിപണിയിലെ ആവശ്യം കൊണ്ടും ഇലക്കറികളിലെ പ്രധാന താരമായി മാറിയിരിക്കുകയാണ് ചീര. ഏറ്റവും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാം എന്നതും പരിചരണം കുറച്ചു മതിയെന്നതും ചീരയെ കര്‍ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. സമൃദ്ധമായ സൂര്യപ്രകാശവും പോഷകഗുണമുള്ള മണ്ണും ഈര്‍പ്പവുമാണ് ചീരക്കൃഷിയുടെ അവിഭാജ്യ ഘടകങ്ങള്‍. പൊതുവേ ബലം കുറഞ്ഞ തണ്ടുകളാണ് ചീരയുടേത്. പുതിയ തളിര്‍പ്പുകളില്‍ ഇലകളുടെ വളര്‍ച്ച പൂര്‍ത്തിയായാല്‍ വീണ്ടും വിളവെടുപ്പു നടത്താം.
എളുപ്പമാണെങ്കിലും ചീര കൃഷിയില്‍ വിജയം നേടാന്‍ പരിചരണത്തെക്കുറിച്ചുള്ള അറിവ് പ്രധാനമാണ്. ഉറുമ്പുകളാണ് ചീര കര്‍ഷകരുടെ പ്രധാന വില്ലന്‍. ചീര വിത്ത് ഉറുമ്പുകള്‍ക്ക് ഇഷ്ടഭക്ഷണമായതിനാല്‍ ചീര വിത്ത് മുളപ്പിക്കാനായി ഗ്രോബാഗിലോ, തടങ്ങളിലോ വിതറുമ്പോള്‍ ഉറുമ്പുകളുടെ ആക്രമണം ഉണ്ടാകാറുണ്ട്. ഗ്രോബാഗിനും തടങ്ങള്‍ക്കും ചുറ്റും ഒരു ചെറിയ ചരടിന്റെ വീതിയില്‍ മഞ്ഞള്‍പൊടി തൂകിയാല്‍ ഉറുമ്പുകള്‍ക്ക് അതിനുള്ളിലേക്ക് കടക്കാന്‍ സാധിക്കില്ല. ധാരാളം ചാണകപ്പൊടിയോ, കമ്പോസ്റ്റോ അല്ലെങ്കില്‍ പശിമയുള്ള മണ്ണുമായി കലര്‍ത്തി വിതറി അതിലാണ് വിത്ത് പാകേണ്ടത്.
വിത്തു മുളച്ച് ആദ്യത്തെ ഇലകള്‍ വിരിയുന്നതുവരെയുള്ള അഞ്ചു മുതല്‍ 10 ദിവസംവരെ മണ്ണില്‍ നല്ല ഈര്‍പ്പം നിലനിര്‍ത്തുന്നതിനുള്ള നന വേണം. പൂപ്പാട്ട കൊണ്ടോ, ഹോസിന്റെ അറ്റത്ത് ഷവര്‍ പിടിപ്പിച്ച് വെള്ളം, നേര്‍ത്ത തുള്ളികളായി കിട്ടുന്നവിധത്തിലോ വേണം നനച്ചുകൊടുക്കാന്‍. വേനല്‍ക്കാല മാസങ്ങളില്‍ ദിവസം രണ്ടുനേരം നനയ്ക്കേണ്ടിവരും. അല്ലാത്ത സീസണുകളില്‍ ദിവസത്തില്‍ ഒരു തവണ നനച്ചാല്‍ മതി. നല്ല മണ്ണില്‍ വളരുന്ന ചീരത്തടത്തില്‍ നിന്നും ഓരോ 10 ദിവസം കഴിയുമ്പോഴും വിളവെടുപ്പു നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: