ശക്തമായ ഭൂകമ്പത്തിന്റെ അലകള്‍ അവസാനിക്കുന്നതിനു മുമ്പാണ് മെക്സിക്കോയില്‍, 1986ലെ ലോകകപ്പിനു ലോങ് വിസില്‍ മുഴങ്ങിയത്. ചരിത്രത്തില്‍ രണ്ടാം തവണയാണ് ലോകകപ്പ് മെക്സിക്കോയിലെത്തിയത്. ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് 1985 സെപ്റ്റംബറില്‍ ഭൂചലനം മെക്സിക്കോയെ നടുക്കിയത്. വേദികളൊന്നും തന്നെ നാശമേല്‍ക്കാതെ രക്ഷപ്പെട്ടതിനാല്‍ മുന്‍നിശ്ചയിച്ച പ്രകാരം മത്സരങ്ങള്‍ നടന്നു. 52 മത്സരങ്ങളില്‍ നിന്നായി 132 ഗോളുകള്‍ പിറന്നു. ഇതില്‍ നാല് ഹാട്രിക്കുകളും ഉള്‍പ്പെടുന്നു. ഡെന്മാര്ക്കിന്റെ ലാര്‍സന്‍, ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കര്‍, സോവിയറ്റ് യൂണിയന്റെ ഇഗര്‍ ബലനോവ്, സ്പെയിനിന്റെ എമിലിയോ ബുട്രാഗ്വിനോ എന്നിവരാണ് ഹാട്രിക്ക് നേടിയത്. തിരമാലയടിക്കുന്നതു കണക്കെ, ആരാധകര്‍ ഗ്യാലറിയില്‍ സൃഷ്ടിച്ച മെക്സിക്കന്‍ വേവും ശ്രദ്ധേയമായി.
ഇതൊന്നുമായിരുന്നില്ല 1986 ലോകകപ്പിന്റെ വിശേഷം. എതിര് കളത്തില്‍ ഭൂചലനത്തിനു തുല്യമായ ആഘാതങ്ങള്‍ സൃഷ്ടിച്ച ഒരു താരത്തിന്റെ മുന്നേറ്റം. ഫുട്ബോള്‍ പ്രേമികളുടെ ഹൃദയമിടിപ്പുകളെപ്പോലും നിലയ്ക്കുന്ന തരത്തില്‍ അത്ഭുതരമായ ഗോള്‍ വര്‍ഷങ്ങളിലൂടെ ഇരമ്പിയെത്തിയ അര്‍ജന്റീനയുടെ ഡീഗോ മറഡോണ.
1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനയ്ക്കു വേണ്ടി മറഡോണ പന്തു തട്ടിയിട്ടുണ്ട്. 86ല്‍ മറഡോണ നായക വേഷവും കെട്ടി. മെക്സിക്കന്‍ ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും മറ്റാര്‍ക്കുമായിരുന്നില്ല. ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ രണ്ടു ഗോളുകള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. റഫറിയുടെ ശ്രദ്ധയില്‍പ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോള്‍ ‘ദൈവത്തിന്റെ കൈ’ എന്ന പേരിലും, ആറ് ഇംഗ്ലീഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റര്‍ ഓടി നേടിയ രണ്ടാം ഗോള്‍ നൂറ്റാണ്ടിന്റെ ഗോളായും വിശേഷിപ്പിക്കപ്പെടുന്നു.
24 ടീമുകളാണ് ലോകകപ്പിനായി മാറ്റുരച്ചത്. രണ്ടാം റൗണ്ട് മുതല്‍ നോക്കൗട്ട് ഘട്ടം ആരംഭിച്ചു. രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനത്തിനായി ടീമുകളുടെ ഒത്തുകളിക്ക് കടിഞ്ഞാണിടാന്‍ അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ ഒരേസമയത്ത് നടത്തുന്ന സംവിധാനവും ഈ ലോകകപ്പ് മുതലാണ് തുടങ്ങിയത്.
ഗ്രൂപ്പ് എയില്‍ നിന്ന് അര്‍ജന്റീന, ഇറ്റലി, ബള്‍ഗേറിയ, ബിയില്‍ നിന്ന് മെക്സിക്കോ, പരാഗ്വെ, ബെല്‍ജിയം, സിയില്‍ നിന്ന് സോവിയറ്റ് യൂണിയന്, ഫ്രാന്‍സ്, ഡിയില്‍ നിന്ന് ബ്രസീല്‍, സ്പെയിന്, ഇയില്‍ നിന്ന് ഡെന്മാര്ക്ക്, പശ്ചിമ ജര്‍മ്മനി, ഉറുഗ്വെ, ഗ്രൂപ്പ് എഫില്‍ നിന്ന് മൊറാക്കോ, ഇംഗ്ലണ്ട്, പോളണ്ട് എന്നീ രാജ്യങ്ങളാണ് അവസാന 16ലേക്ക് യോഗ്യത നേടിയത്. പ്രീ-ക്വാര്‍ട്ടറില്‍ അര്‍ജന്റീന 1-0ന് ഉറുഗ്വെയെയും ഇംഗ്ലണ്ട് 3-0ന് പരാഗ്വെയെയും സ്പെയിന് 5-1ന് ഡെന്മാര്ക്കിനെയും ബല്‍ജിയം എക്സ്ട്രാ സമയത്തിനൊടുവില്‍ 4-3ന് സോവിയറ്റ് യൂണിയനെയും ബ്രസീല്‍ 4-0ന് പോളണ്ടിനെയും ഫ്രാന്‍സ് 2-0ന് ഇറ്റലിയെയും പശ്ചിമ ജര്‍മ്മനി 1-0ന് മൊറാക്കോയെയും മെക്സിക്കോ 2-0ന് ബള്‍ഗേറിയയെയും പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന 2-1ന് ഇംഗ്ലണ്ടിനെ കീഴടക്കിയപ്പോള്‍ ബാക്കി മൂന്നു മത്സരങ്ങളും ഷൂട്ടൗട്ടില്‍ തീരുമാനിക്കപ്പെട്ടു. ബല്‍ജിയം 5-4ന് സ്പെയിനിനെയും ഫ്രാന്‍സ് 4-3ന് ബ്രസീലിനെയും പശ്ചിമ ജര്‍മ്മനി 4-1ന് മെക്സിക്കോയെയും കീഴടക്കി സെമിയിലെത്തി. സെമിയില്‍ അര്‍ജന്റീന 2-0ന് ബല്‍ജിയത്തെയും പശ്ചിമ ജര്‍മ്മനി 2-0ന് ഫ്രാന്‍സിനെയും മറികടന്ന് കലാശക്കളിക്ക് യോഗ്യത നേടി. ജൂണ്‍ 29ന് മെക്സിക്കോ സിറ്റിയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പശ്ചിമ ജര്‍മ്മനിയെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടു.
ലോകഫുട്ബോളില് ഡെന്മാര്ക്ക് എന്ന പുതുശക്തിയുടെ ഉദയത്തിനും മെക്സിക്കോ സാക്ഷ്യം വഹിച്ചു. നവാഗതരായെത്തിയ അവര്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനി, ഉറുഗ്വെ എന്നിവരെ അട്ടിമറിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ശ്രദ്ധനേടിയത്.
ആറ് ഗോള്‍ നേടി ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കര്‍ ടോപ്സ്കോറര്‍ക്കുള്ള സുവര്‍ണ്ണ പാദുകം നേടി. അര്‍ജന്റീനയെ കിരീടത്തിലേക്കു നയിച്ച മറഡോണ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപ്പന്തിനൊപ്പം അഞ്ച് ഗോളുകളുമായി രണ്ടാമത്തെ ടോപ് സ്കോറര്‍ക്കുള്ള വെള്ളിപാദുകവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: