മുംബൈ: ജാതി പറയാത്തവരുടെ കള്ളക്കണക്കു പറഞ്ഞ് ഭരണനേട്ടം പറയുന്നവര്‍ മഹാരാഷ്‌ട്രയെ കണ്ടുപഠിക്കണം. ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍, അനാഥര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും പഠനത്തിലും ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്തി. രാജ്യത്താദ്യമാണ് ഇത്തരമൊരു നടപടി.
മുഖ്യമന്ത്രി ഫഡ്‌നാവിസിനൊപ്പം അമൃത കര്‍വാണ്ഡെ
അനാഥര്‍ക്ക് അവരുടെ ജാതി തെളിയിക്കാനോ ജാതി സംവരണാനുകൂല്യങ്ങള്‍ നേടാനോ കഴിയുന്നില്ല. ജാതി സംവരണം ഭരണഘടനാപരമായി നിലനില്‍ക്കുന്നിടത്തോളം അര്‍ഹതപ്പെട്ടവര്‍ക്ക് രേഖയില്ലെന്ന കാരണത്താല്‍ നിഷേധിക്കുന്നത് നീതിയല്ല. ഇൗ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച സര്‍ക്കാര്‍ പ്രമേയം വന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഘട്ടത്തിലും എല്ലാ ഉദ്യോഗ മേഖലയിലും സംവരണം ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ് വിശദീകരിച്ചു.
അനാഥര്‍ക്ക് അവരുടെ രക്ഷിതാക്കള്‍ ആരായിരുന്നുവെന്നറിയാത്ത സാഹചര്യത്തില്‍ ജാതി തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കാനാവില്ല. ഈ സാഹചര്യത്തില്‍ അവര്‍ സംസ്ഥാന സര്‍ക്കാരിന്റെ വനിതാ-ശിശു ക്ഷേമ വകുപ്പില്‍നിന്ന് അനാഥരാണെന്ന രേഖ ഹാജരാക്കിയാല്‍ മതി.
അമൃത കര്‍വാണ്ഡെ (23) എന്ന പെണ്‍കുട്ടി ഗോവയില്‍ ജനിച്ചെങ്കിലും അനാഥയായി. അച്ഛനുപേക്ഷിച്ചു പോയി. പൂനെയില്‍ എംഎ ഇക്കണോമിക്‌സ് പഠിക്കുന്നു. 2017-ല്‍ മഹാരാഷ്‌ട്ര പിഎസ്‌സി പരീക്ഷയെഴുതി നൂറില്‍ 39 മാര്‍ക്ക്‌നേടി. 35 മാര്‍ക്കായിരുന്നു കുറഞ്ഞത് വേണ്ടിയിരുന്നത്. ജാതി സര്‍ട്ടിഫിക്കറ്റില്ലാഞ്ഞതിനാല്‍ സംവരണമില്ലാത്തപൊതു വിഭാഗത്തിലേക്ക് മാറ്റപ്പെട്ടു. അവിടെ 46 മാര്‍ക്കായിരുന്നു കുറഞ്ഞത് വേണ്ടത്. അങ്ങനെ ജോലി നഷ്ടമായി. തുടര്‍ന്ന് കര്‍വാണ്ഡെ, മുഖ്യമന്ത്രി ഫഡ്‌നാവിസിനെ കണ്ടു. തുടര്‍ന്നാണ് ഇത് പൊതുവിഷയമായിക്കണ്ട് അനാഥര്‍ക്ക് ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിലേക്ക് സര്‍ക്കാരിനെ നയിച്ചത്.
















