മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റ ശാശ്വത സ്നേഹത്തിന്റെ ആഹ്ളാദമാണ് ഈസ്റ്റര്‍. മനുഷ്യനെ വീണ്ടുവിചാരം കൊണ്ടു പുതുക്കുന്ന പരിഷ്ക്കരണത്തിന്റെ നന്മനാളാണിത്. യേശു പീഡാസഹനവും ത്യാഗവും കൊണ്ടു നേടിയ സമാധാനരാജ്യത്തിന്റെ താക്കോല്‍ ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമ്മാനിച്ചു പോകുന്നുവെന്ന് നാം ഓര്‍ക്കുന്നു. വയലിലെ പുഷ്പംപോലെ കൊഴിഞ്ഞുപോകുകയും നിഴലുപോലെ മാഞ്ഞുപോകുകയും ചെയ്യുന്ന മനുഷ്യായുസിന്റെ അസ്ഥിരതയ്ക്കിടയില്‍ മരിക്കുവോളം സന്തോഷിക്കാനുളള നല്ലപാഠമാണ് ഈസ്റ്റര്‍ ലോകത്തിനു നല്‍കുന്നത്.
തിരക്കിനിടയില്‍ ജീവിക്കാന്‍പോലും മറന്നുപോകുന്ന മനുഷ്യന്റെ സ്വയം നഷ്ടപ്പെടലിന്റെ തിരിച്ചുവരവിനുള്ള പാത സ്നേഹത്തിലൂടെ ഒരുക്കുകയായിരുന്നു യേശു. സ്വാര്‍ഥതയും അധികാരവും ആര്‍ത്തിയുംകൊണ്ട് പങ്കപ്പാടുപെടുന്ന മനുഷ്യനെ നല്ല മനസിലേക്കു നയിക്കാനാണ് ശത്രുവിനെപ്പോലും സ്നേഹിക്കണമെന്ന് യേശു പറഞ്ഞത്. അതിനുള്ള ഉത്തമദൃഷ്ടാന്തമായിരുന്നു ആ ജീവിതം. സത്യവും നീതിയും കരുണയും എപ്പോഴും പരീക്ഷിക്കപ്പെടുമെന്നതാണ് യേശുവിന്റെ അനുഭവം. അത്തരം നന്മകളെ പരിരക്ഷിക്കാന്‍ വേണ്ടിയാണ് രണ്ടു കള്ളന്മാര്ക്കിടയില് അദ്ദേഹം ക്രൂശിതനായത്.
എന്നും സമാധാന പ്രേമിയായിരുന്നവെങ്കിലും അനീതി കണ്ടിടത്തെല്ലാം യേശു രോഷംകൊണ്ടു. ചുങ്കക്കാരേയും കള്ളക്കച്ചവടക്കാരേയും അദ്ദേഹം ദേവാലയത്തില്‍നിന്നും അടിച്ചോടിച്ചത് അതുകൊണ്ടാണ്. ആള്‍ക്കൂട്ടത്തെ കൂടെകൊണ്ടുനടക്കാനും അവരെ സ്നേഹത്തിന്റെ ഭാഷ ബോധ്യപ്പെടുത്താനും അദ്ദേഹം ചിലപ്പോള്‍ അവരിലൊരാളായി. ചിലപ്പോഴൊക്കെ അവരെ അതിശയിപ്പിക്കുന്ന ദൈവവുമായി. മനുഷ്യനും ദൈവത്തിനുമിടയിലെ മറ്റൊരു ജീവിതമായിരുന്നു യേശുവിന്റേത്. എന്നിട്ടും ജനം യേശുവിനെ ഒടുവില്‍ തള്ളിപ്പറഞ്ഞു. എല്ലാം നേരത്തെ എഴുതപ്പെട്ടതുകൊണ്ട് യേശുവിന് അത് അറിയാമായിരുന്നു.
കസന്ത് സാക്കിസിന്റെ സെന്റ്.ഫ്രാന്‍സിസ് എന്ന നോവലില്‍ നായകനായ ഫ്രാന്‍സിസ് വഴിയോരത്തുവെച്ചുകണ്ട ഒരു കുഷ്ഠരോഗിയെ ആലിംഗനം ചെയ്യുമ്പോള്‍ അയാള്‍ യേശുവായി മാറുന്ന ഒരു മുഹൂര്‍ത്തമുണ്ട്. കാരുണ്യത്തിന്റെ ആഴംകൊണ്ടുണ്ടാകുന്ന മാറ്റമാണത്. ബുദ്ധനും പറഞ്ഞത് കാരുണ്യത്തെക്കുറിച്ചായിരുന്നു. ഇത്തരം കാരുണ്യവഴിയായിരുന്നു എന്നും യേശുവിന്റേത്.
മനസിന്റെ സ്വാസ്ഥ്യം. അതുവഴിനേടുന്ന എല്ലാറ്റിന്റേയും സുഖം. അതായിരുന്നു യേശുവിന്റെ സ്വര്‍ഗരാജ്യം. കുഞ്ഞുങ്ങളെപ്പോലെയാകുവിന് എന്നാണ് യേശു ഉപദേശിച്ചത്. പക്ഷേ ജീവിതത്തിന്റെ ആദ്യഘട്ടത്തില്മാത്രം സ്വാഭാവികമായും കുഞ്ഞായിത്തീരുകയും പിന്നീടൊരിക്കലും ആ നൈര്‍മല്യത്തിലേക്കു മടങ്ങിപ്പോകാതിരിക്കുകയുമാണ് മനുഷ്യന്. വിനോദത്തിലും ആഡംബരത്തിലും ധൂര്‍ത്തിലും അര്‍മാദിക്കുന്ന മനുഷ്യന് ഇന്ന് മൊബൈല്‍ കാഴ്ചയില്‍ ഇല്ലാതാകുന്നു.
വീട്ടിലും നാട്ടിലും അവന് സ്വന്തം ദ്വീപില്‍ കഴിയുന്നു. അഴിമതിയും കൊള്ളയും കൊലയും പിടിച്ചുപറിയുംകൊണ്ട് ഇന്നത്തെ മനുഷ്യന് കുപ്രസിദ്ധനാകുന്നതില് അഭിമാനമേയുള്ളൂവെന്നു തോന്നുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുജനത്തെ ചൂഷണം ചെയ്യുന്നു. ജനപ്രതിനിധികള്‍ ജനത്തെ ആവര്‍ത്തിച്ചു വഞ്ചിച്ചുകൊണ്ടിരിക്കുന്നു.വിശന്ന് ഒരുനേരത്തെ ഭക്ഷണം മോഷ്ടിക്കുന്നവനെ തല്ലിക്കൊല്ലുന്ന സംസ്ക്കാരം. നിത്യവും പള്ളിയില്‍ പോകുന്നതുകൊണ്ടോ കുര്ബാനകൊള്ളുന്നതുകൊണ്ടോ കുമ്പസാരിക്കുന്നതുകൊണ്ടോ മാത്രം ഉണ്ടാകുന്നതല്ല ദൈവസ്നേഹം. അതൊരു വിശ്വാസമാണ്. ആ വിശ്വാസം നല്ല നടപ്പായി തീര്‍ന്ന് ജീവിതത്തില്‍ ഇടപെടണമെങ്കില്‍ മനുഷ്യനെ അറിയണം. അയല്‍ക്കാരനെ തിരിച്ചറിയുന്നവന്റേതാണ് ഈസ്റ്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: