ശ്രീകണ്ഠപുരം: ഗ്രന്ഥശാല സംഘത്തിന്റെയും, രാഷ്‌ട്രീയവല്‍കരിക്കപ്പെട്ട വായനശാല പ്രവര്‍ത്തനത്തിന്റെയും ഗണത്തില്‍ പെടാതെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകപ്രേമികള്‍ക്കും വായനയുടെ വാതായാനം തുറന്ന ശ്രീകണ്ഠപുരം ഓഫിസേഴ്‌സ് ക്ലബ്ബ് റഫറന്‍സ് ലൈബ്രറിയിലെ ജീവനക്കാരനായ അഭിലാഷിന് വര്‍ഷങ്ങളായുള്ള ലൈബ്രറി പ്രവര്‍ത്തനത്തിന് കിട്ടിയ നവോത്ഥാന ശ്രേഷ്ഠ പുരസ്‌ക്കാരം അര്‍ഹിക്കുന്ന അംഗീകാരമായി. പത്ത് വര്‍ഷത്തോളമായി ശ്രീകണ്ഠപുരം ഓഫീസേഴ്‌സ് ക്ലബ്ബ് റഫറന്‍സ് ലൈബ്രറിയിലെ മുപ്പതിനായിരത്തോളം പുസ്തകങ്ങളോടൊപ്പം രാവിലെ മുതല്‍ രാത്രി വരെ കഴിച്ച് കൂട്ടുന്ന അഭിലാഷ് പരിപ്പായി കവിയും റേഡിയോ ശ്രോതാക്കളുടെ കൂട്ടായ്‌മയായ ആള്‍ കേരള റേഡിയോ ലിസണേഴ് അസോസ്സിയേഷന്റെ കണ്ണൂര്‍ കാസര്‍കോട് ജില്ലാ കമ്മറ്റി അംഗവുമാണ്.
വടകര എടോടി കേളുഏട്ടന്‍ ശങ്കരന്‍ സ്മാരക മന്ദിരത്തില്‍ നടന്ന സാംസ്‌കാരിക സംഗമത്തില്‍ കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പാടില്‍ പുരസ്‌ക്കാര സമര്‍പ്പണം നടത്തി. നവോത്ഥാന സംസ്‌കൃതി ചീഫ് എഡിറ്റര്‍ എസ് മുരളീധരന്‍, ബി.അനസ് , കവയിത്രി അജിത കൃഷ്ണ മുക്കാളി, നോവലിസ്റ്റ് ഡോ.റാണി ബിനോയ്, തിരക്കഥാകൃത്ത് കെ.ശ്രീകുമാര്‍, വത്സന്‍ നെല്ലിക്കോട്, സലിന്‍ ചേര്‍ത്തല, പി.സി.സിക്സ്റ്റസ്, മുഹമ്മദ് പട്ടിക്കര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
















