ആലുവ: എന്‍സിപി സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാരണമില്ലാതെ മാറ്റിയ പ്രസിഡന്റ് ടി.പി. പീതാംബരന്റെ നടപടിക്കെതിരെ ദേശീയ പ്രസിഡന്റ് ശരത് പവാറിനെ നേരില്‍ സന്ദര്‍ശിച്ച് പരാതി അറിയിക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഗ്രൂപ്പ് യോഗം തീരുമാനിച്ചു. ബൂത്ത് മുതല്‍ ജില്ലാ തലം വരെ ഒരിടത്തും സംഘര്‍ഷമോ തര്‍ക്കമോ ഇല്ലാതെയാണ് തിരഞ്ഞെടുപ്പ് നടന്നത്. എന്നിട്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് സഹഭാരവാഹികളോട് പോലും ആലോചിക്കാതെ മാറ്റി വെച്ച നടപടി സംഘടനാവിരുദ്ധമാണെന്ന് യോഗം വിലയിരുത്തി.
മാധ്യമങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് മാറ്റിയ വിവരം ഭാരവാഹികള്‍ പോലും അറിയുന്നത്. വേഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നും യോഗം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.കെ. രാജന്‍, വര്‍ക്കല ബി. രവികുമാര്‍, ജനറല്‍ സെക്രട്ടറിമാരായ സുഭാഷ് പുഞ്ചക്കോട്, കെ.എ. ഗംഗാധരന്‍, റസാഖ് മൗലവി, ആലീസ് മാത്യു, മുരളീധരന്‍, പ്രൊഫ. ജോസ് കോട്ടായി, എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസീസ് എന്നിവര്‍ ഉള്‍പ്പെടെ ഭാരവാഹികളില്‍ ബഹുഭൂരിപക്ഷം പേരും ആലുവ പാലസില്‍ നടന്ന ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തു.
12 ജില്ലാ പ്രസിഡന്റുമാരും തങ്ങളോടൊപ്പമാണെന്നും ഇതില്‍ പത്ത് പേരും യോഗത്തില്‍ പങ്കെടുത്തതായും ശശീന്ദ്രന്‍ പക്ഷ നേതാക്കള്‍ അവകാശപ്പെട്ടു. ഇതിനിടെ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനെയും നേരില്‍ കണ്ട് ഉടന്‍ തിരഞ്ഞടുപ്പ് നടത്തണമെന്ന് ശശീന്ദ്രന്‍ പക്ഷക്കാര്‍ ആവശ്യപ്പെട്ടു.
ഇവിടെ ബഹളത്തിലാണ് ചര്‍ച്ച അവസാനിച്ചത്. തോമസ് ചാണ്ടി എംഎല്‍എ പരാതിനല്‍കിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് മാറ്റിയതെന്നാണ് ടി.പി. പീതാംബരന്റെ നിലപാട്.
















