കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ പ്രകാരം (യുഎപിഎ) നടപടിയെടുക്കുന്നതിനെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍, രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം.
ഈ കേസില്‍ യുഎപിഎ ചുമത്താന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ വാദം ദൗര്‍ഭാഗ്യകരമാണെന്നു കോടതി പറഞ്ഞൂ. ഒരു കേസിന്റെ അന്വേഷണം സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന് ഹൈക്കോടതി സിബിഐയ്ക്ക് വിട്ടാല്‍ പിന്നീട് പ്രോസിക്യൂഷന് അനുമതിക്ക് സര്‍ക്കാരിന്റെ തന്നെ അനുമതി വേണമെന്ന് പറയാനാവുമോയെന്നു കോടതി ചോദിച്ചു. സര്‍ക്കാരിന്റെ എതിര്‍പ്പിനെ മറികടന്ന് സിബിഐ അന്വേഷിക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രോസിക്യൂഷന് അനുമതി വാങ്ങണമെന്ന് പറയുന്നതില്‍ എന്തു കാര്യമാണുള്ളത്.
സര്‍ക്കാര്‍ സന്തോഷത്തോടെ സിബിഐയ്ക്ക് വിട്ട കേസാണിത്. പിന്നീട് പ്രോസിക്യൂഷന് അനുമതി സിബിഐ തേടിയില്ലെന്ന് വിലപിക്കേണ്ട കാര്യമില്ല. ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കിട്ടുമെന്ന് സിബിഐ പ്രതീക്ഷിക്കണോ? സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന് അനുമതി വാങ്ങണമെന്ന് പറയുന്നത് പരിഹാസ്യമാണ്.- സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
ജയരാജന് ആവശ്യം തള്ളി
ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ ചുമത്തിയ യുഎപിഎ നിലനില്ക്കും. ഇതിനെതിരെ ജയരാജനും മറ്റ് ആറു പ്രതികളും നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തങ്ങളെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രം സിബിഐക്ക് അനുമതി നല്‍കിയതിനെതിരെയാണ് ജയരാജനടക്കമുള്ളവര്‍ ഹര്‍ജി നല്‍കിയിരുന്നത്.
അതേസമയം യുഎപിഎ ചുമത്തിയതിനെതിരെ ആദ്യ 19 പ്രതികള്‍ നല്കിയ ഹര്‍ജി ഭാഗികമായി അനുവദിച്ചു. കേന്ദ്രത്തില്‍ നിന്ന് പ്രോസിക്യൂഷന് അനുമതി ലഭിക്കും മുന്‍പ് തലശേരി സെഷന്‍സ് കോടതി ഇവര്‍ക്കെതിരെ യുഎപിഎ പ്രകാരമുള്ള നടപടി എടുത്തത് നിയമപരമായി ശരിയല്ലെന്ന് വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് ഇതു റദ്ദാക്കിയത്. കേസ് പരിഗണിക്കുന്ന എറണാകുളം സിബിഐ കോടതി കേന്ദ്രത്തിന്റെ അനുമതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ യുഎപിഎ പ്രകാരമുള്ള നടപടി സ്വീകരിച്ച് പുതിയ ഉത്തരവിറക്കണമെന്നും വിധിയില്‍ പറയുന്നു.
യുഎപിഎ പ്രകാരമുള്ള പ്രോസിക്യൂഷന് അനുമതിയില്ലെന്നല്ല, കേന്ദ്രം നല്കിയ അനുമതിക്ക് സാധുതയില്ലെന്നതാണ് ഹര്‍ജിയിലെ വാദം. വിചാരണ തുടങ്ങിയിട്ടില്ല. സാധുതയുണ്ടോയെന്നത് വിചാരണ വേളയിലാണ് പരിഗണിക്കേണ്ടത്. അനുമതി നല്കാന് അധികാരം ആര്‍ക്കാണെന്ന തര്‍ക്കവും വിചാരണക്കോടതി വിലയിരുത്തട്ടേയെന്നും ഹൈക്കോടതി വ്യക്തമാക്കി.
സിപിഎമ്മുകാരായ പ്രതികള്‍ ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജിനെ 2014 സപ്തംബര്‍ ഒന്നിനാണ് കൊലപ്പെടുത്തിയത്. സിബിഐ അന്വേഷിച്ച് കുറ്റപത്രം നല്കിയ കേസില്‍ ഒന്നാം പ്രതി വിക്രമന് ഉള്‍പ്പെടെ ആദ്യ 19 പ്രതികള്‍ക്കെതിരെ തലശേരി സെഷന്‍സ് കോടതി 2015 മാര്‍ച്ച് 11ന് യുഎപിഎ പ്രകാരം നിയമ നടപടി സ്വീകരിച്ചു.
എന്നാല്‍ ഏപ്രില്‍ ഏഴിനാണ് കേന്ദ്രം യുഎപിഎ പ്രകാരമുള്ള പ്രോസിക്യൂഷന് അനുമതി നല്‍കിയത്. അനുമതി ലഭിക്കുംമുമ്പ് കോടതി നടപടിയെടുത്തത് നിയമപരമായി ശരിയല്ലെന്നതിനാലാണ് ഇതു റദ്ദാക്കി പുതിയതായി നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചശേഷമാണ് ഗൂഢാലോചനക്കേസില്‍ പി. ജയരാജനടക്കം ആറ് പ്രതികള്‍ക്കെതിരെ കോടതി യുഎപിഎ പ്രകാരം നടപടിയെടുത്തത്. അതിനാല്‍ ഇവരുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി തള്ളുകയായിരുന്നു.
















