യഃ ഏവം പുരുഷം വേത്തി- മുന്‍ ശ്ലോകങ്ങളില്‍ പറഞ്ഞ പ്രകാരം പുരുഷനെ അറിയേണ്ടതാണ്. അതായത് നമ്മുടെ ദേഹത്തില്‍ രണ്ടുവിധം പുരുഷന്മാരുണ്ട്. ഒന്ന് ജീവാത്മാവ്, മറ്റേത് പരമാത്മാവ്. ജീവാത്മാവ് പരമാത്മാവിന്റെ അംശമാണ്; പക്ഷേ മായയാല്‍-അജ്ഞാനത്താല്‍-ബദ്ധനായി പ്രവര്‍ത്തിക്കുന്നു. പരമാത്മാവ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ആവിര്‍ഭാവം തന്നെയാണ്. ഈ വസ്തുത അര്‍ജ്ജുനന്‍ തന്നെ, 10-ാം അധ്യായത്തില്‍ തുറന്ന് പറഞ്ഞത് ഓര്‍ക്കണം:-
”പരം ബ്രഹ്മ, പരം ധാമ
പവിത്രം പരമം ഭവാന്‍
പുരുഷാ ശാശ്വതം ദിവ്യം
ആദിദേവമജംവിഭും
(=പരബ്രഹ്മവും പരമമായ ധാമവും-പ്രാപ്യസ്ഥാനവും-ശാശ്വതനായ പുരുഷനും (പരമാത്മാവും)ആദിദേവനും ജന്മമില്ലാത്തവനും പലവിധരൂപത്തില്‍ ശോഭിക്കുന്നവനും കൃഷ്ണാ, അങ്ങുതന്നെയാണ്.) ഇതാണ് തത്ത്വജ്ഞാനത്തിന്റെ ഒരു ഘടകം.
യഗുണൈഃ സഹ പ്രകൃതിംവേത്തി- പ്രകൃതി-ഭഗവാന്റെ അപരാപ്രകൃതി അനാദിയാണ്-തുടക്കവും അവസാനവും ഇല്ലാത്തതാണ്. ആരാലും നിര്‍വചിക്കപ്പെടാത്തതാണ്. ജീവാത്മാവിന്റെ ജനനമരണാദി അനര്‍ത്ഥങ്ങള്‍ക്കു കാരണഭൂതയാണ്. പ്രകൃതിയുടെ സത്വരജസ്തമോഗുണങ്ങളാണ് ജീവനെ ബന്ധിപ്പിക്കുന്നത് എന്നും അറിയണം. ഭഗവത്തത്വജ്ഞാനം കൊണ്ടുമാത്രമേ അവിദ്യാരൂപിണിയായ പ്രകൃതിയുടെ പ്രഭാവം നീങ്ങുകയുള്ളൂ. ഇതാണ് ജ്ഞാനത്തിന്റെ ഘടകം.
സഃ സര്‍വ്വഥാ വര്‍ത്തമാനഃ അഹ-
മേല്‍പ്പറഞ്ഞവിധം തന്നെ അറിയുന്ന മനുഷ്യന്‍, വര്‍ണാശ്രമ ധര്‍മ്മങ്ങളെയും ഉപേക്ഷിച്ച് ജീവിതം നയിച്ചാല്‍ പോലും, മരണാനന്തരം മറ്റൊരു ദേഹത്തിലേക്ക് പ്രവേശിക്കേണ്ടിവരികയില്ല. ബുദ്ധിയുടെ പ്രവര്‍ത്തനം നേടുന്ന ജ്ഞാനം കാരണം, എങ്ങനെയാണ് പുനര്‍ജന്മം ഉണ്ടാവില്ല എന്ന് പറയുന്നത്. അതിന്റെ യുക്തി എന്താണ്?
ന സ ഭൂയഃ അഭിജായതേ
സത്വഗുണമയങ്ങളും രജോഗുണമയങ്ങളും തമോഗുണമയങ്ങളും പ്രവൃത്തികളുടെ ഫലമായിട്ടാണ് മനുഷ്യന്‍ വീണ്ടും വീണ്ടും ജന്മങ്ങള്‍ സ്വീകരിക്കേണ്ടിവരുന്നത്. കര്‍മ്മഫലം അനുഭവിക്കുക തന്നെവേണം.
”നാ ഭുക്തം ക്ഷീയതേ കര്‍മ്മ
കല്‍പ കോടിശതൈരപി.”
(= അനന്ത കല്‍പകാലങ്ങള്‍ കഴിഞ്ഞാല്‍ പോലും കര്‍മ്മഫലം അനുഭവിക്കാതെ കര്‍മ്മങ്ങള്‍ സ്വയം ക്ഷയിക്കുകയില്ല.) എന്ന് ശാസ്ത്രവാക്യങ്ങള്‍ ഉണ്ട്. ഭഗവാന്‍ പറയുന്നത് ഇങ്ങനെയാണ്.
ജ്ഞാനാഗ്നിഃ സര്‍വ്വകര്‍മ്മാണി
ഭസ്മ സാത് കുരുതേ തഥാ
(=ജ്ഞാനമാകുന്ന അഗ്നി എല്ലാ കര്‍മ്മങ്ങളെയും ഫലങ്ങളെയും ഭസ്മമാക്കിത്തീര്‍ക്കുന്നു.)
താന്‍ ഭൗതിക പ്രകൃതിയിലാണ് കുടുങ്ങിയിരിക്കുന്നത് എന്നും ഭഗവാന്റെ ആത്മീയലോകത്തില്‍ എത്തിച്ചേരുകയാണ് ചെയ്യേണ്ടതെന്നും ഉള്ള ജ്ഞാനം-ഭഗവത്തത്വജ്ഞാനം നേടിയ മനുഷ്യന് അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ മാത്രമേ സമയം കാണുകയുള്ളൂ. ഭക്തോത്തമന്മാരും പ്രാമാണികന്മാരുമായ ആചാര്യന്മാരില്‍നിന്നും ഗീതാഭാഗവതാദി ഗ്രന്ഥങ്ങളുടെ സഹായത്തോടെ ഭഗവാന്റെ രൂപ-ഗുണ-ലീലകള്‍ കേള്‍ക്കുകയും കീര്‍ത്തിക്കുകയും മറ്റു ഭക്തി സാധനകള്‍ അനുഷ്ഠിച്ചും ലൗകിക വൈദിക കര്‍മ്മഫലങ്ങളെ നശിപ്പിക്കും. കര്‍മ്മവാസനകളേയും നശിപ്പിക്കും. ഭഗവാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കും. അതിനിടയില്‍-ലൗകിക-വൈദിക കര്‍മ്മങ്ങള്‍ ചെയ്തുപോയാല്‍ പോലും, ആ കര്‍മ്മങ്ങള്‍ വറുത്ത വിത്തുകള്‍പോലെയായി തീരും. ജന്മങ്ങളെ മുളപ്പിക്കാനുള്ള ശക്തി ആ കര്‍മ്മങ്ങള്‍ക്കില്ല. ഭഗവാന് ആരാധനയായിട്ടാണ് ആ കര്‍മ്മങ്ങള്‍ ഒരു യഥാര്‍ത്ഥജ്ഞാനി അനുഷ്ഠിക്കുന്നത്-ഇതാണ് ‘സര്‍വ്വഥാവര്‍ത്തയാനോപി’ എന്ന് ഭഗവാന്‍ പറഞ്ഞതിന്റെ താല്‍പര്യം.
















