അടിസ്ഥാനവര്‍ഗത്തിന്റെ സമുദ്ധാരണം. അതാണ് ഇടതുപക്ഷത്തിന്റെ മുഖ്യലക്ഷ്യമെന്ന് കൊട്ടിഘോഷിക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷം ഒരുകാലത്തും ആഭിമുഖ്യം പുലര്‍ത്തിയത് അടിസ്ഥാന വര്‍ഗത്തോടല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കുമെന്നാണ് രണ്ടുവര്‍ഷം മുന്‍പ് സിപിഎം നയിക്കുന്ന ഇടതുപക്ഷം വാഗ്ദാനം നല്‍കിയത്. ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ എല്ലാം ശരിയാകുമെന്നായിരുന്നു വാഗ്ദാനം. 20 മാസം അധികാരം കയ്യാളിയിട്ടും ഒന്നും ശരിയാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. മാത്രമല്ല ഏറ്റവും പിന്നില്‍ നില്ക്കുന്ന പട്ടികവര്‍ഗക്കാര്‍ക്കായി നീക്കിവച്ച തുകപോലും യഥാവിധി ചെലവാക്കാന്‍ സര്‍ക്കാരിനായില്ല. നീക്കിവച്ച പണത്തിന്റെ പകുതിപോലും ചെലവാക്കാന്‍ സാധിച്ചിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് വകുപ്പുമന്ത്രി എ.കെ.ബാലന് കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചത്. കേന്ദ്ര- സംസ്ഥാന പദ്ധതികള്‍ക്കായി 716.90 കോടി വകയിരുത്തി. ചെലവഴിച്ചതാകട്ടെ 321.25 കോടിമാത്രം. 44.81 ശതമാനം. 100 ശതമാനം കേന്ദ്രത്തിന്റെ പണം കിട്ടുന്ന പദ്ധതികള്‍ക്കു പോലും പകുതിപ്പണമേ ചെലവിടാനായിട്ടുള്ളൂ.
അട്ടപ്പാടിയില്‍ പട്ടികവര്‍ഗസമുദായാംഗമായ മധുവിനെ ഒരുകൂട്ടം ആള്ക്കാര് പിടിച്ചുകെട്ടി മര്‍ദ്ദിച്ചുകൊന്ന സംഭവം മറക്കാറായിട്ടില്ല. ദിവസങ്ങളായി അന്നാഹാരം കഴിക്കാത്ത ഈ യുവാവ് കാട്ടില്‍ നിന്നും നാട്ടിലിറങ്ങിയതാണ് പ്രശ്നം. ഭക്ഷ്യ-ധാന്യങ്ങള്‍ മോഷ്ടിച്ചു എന്നതിനാണ് മധുവിനെ പിടിച്ചുകെട്ടി തല്ലിക്കൊന്നത്. ഒരു ദരിദ്രനായ വനവാസി എങ്ങിനെ പട്ടിണികിടന്നു? അതാണ് ഇവിടെ ഉയരേണ്ട മുഖ്യമായ ചോദ്യം. സമൂഹത്തിന്റെ ഏറ്റവും പിന്നില്‍ കഴിയുന്ന വനവാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് മാസത്തില്‍ 35 കിലോഗ്രാം ഭക്ഷ്യധാന്യം കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ട്. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായപ്പോള്‍ തുടങ്ങിയ അന്ത്യോദയ-അന്നയോജന പദ്ധതി പ്രകാരമാണിത്. ആ പദ്ധതി എന്തുകൊണ്ട് അട്ടപ്പാടി ഉള്‍പ്പെടെയുള്ള വനവാസികേന്ദ്രങ്ങളില്‍ നടപ്പിലായില്ല എന്നതാണ് കാതലായ ചോദ്യം. അതിനുവേണ്ടി അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ എവിടെ പോകുന്നു എന്ന് അന്വേഷിക്കേണ്ടതല്ലേ? ഇടത് ഭരണമായാലും വലത് ഭരണമായാലും വനവാസികളോടുള്ള സമീപനത്തില്‍ ഒരു വ്യത്യാസവുമില്ല. കേന്ദ്രം അനുവദിക്കുന്ന പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്ര പദ്ധതികളില്‍ സ്കോളര്‍ഷിപ്പ് പദ്ധതി മാത്രമാണ് ഭേദപ്പെട്ട നിലയില്‍ നടപ്പിലാക്കിയത്. പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പിന്റെ 30 കോടിയില്‍ 27 കോടിയും ചെലവിട്ടു. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് അഞ്ചു കോടി വകയിരുത്തിയതില്‍ 2.7 കോടിയേ ചെലവഴിച്ചിട്ടുള്ളൂ.
സ്കോളര്‍ഷിപ്പ് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കാര്യമായ പണിയൊന്നും ചെയ്യാനില്ല. പ്രോജക്ട് റിപ്പോര്‍ട്ട്, എസ്റ്റിമേറ്റ്, ടെന്‍ഡര്‍ തുടങ്ങിയ നടപടി ക്രമങ്ങളൊന്നും പാലിക്കേണ്ടതില്ല. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന് ഒരു താത്പ്പര്യവുമില്ലെന്ന് മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ വ്യക്തമാകുന്നു. 2016- 17 സാമ്പത്തികവര്‍ഷം 50 ശതമാനം കേന്ദ്രസഹായം കിട്ടുന്ന പദ്ധതികളുടെ 29 ശതമാനം മാത്രമാണ് ചെലവിട്ടത്. കേന്ദ്ര പദ്ധതികളുടെ ഗുണം കേന്ദ്രസര്‍ക്കാരിനു കിട്ടിയേക്കും എന്ന സങ്കുചിത രാഷ്ട്രീയ ചിന്തയാണിതിനു പിന്നില്‍. പട്ടിണിപ്പാവങ്ങള്‍ക്കും സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ക്കുമായി നീക്കിവയ്ക്കുന്ന പണം പോലും സങ്കുചിത ചിന്താഗതി നോക്കിമാത്രം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിന് മനുഷ്യമുഖമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കിടക്കാന്‍ അടച്ചുറപ്പുള്ള വീടും ഭീതിയില്ലാതെ ജീവിക്കാനുള്ള സാഹചര്യവും ഒരുക്കാനുള്ള ബാധ്യത വിസ്മരിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്യുന്നത്. പട്ടികവര്‍ഗക്കാരുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുമെന്ന നിയമസഭാ തീരുമാനം പോലും പാലിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ കയ്യേറ്റക്കാരുടെ കാവലാളായി നില്‍ക്കുകയുമാണ്. ഇതില്‍ നിന്നും ഉയരുന്ന ചോദ്യം ഈ സര്‍ക്കാര്‍ നിലനില്‍ക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നാണ്. സര്‍ക്കാരിന്റെ നിഷ്ക്രിയ സ്വത്തിനും പാവപ്പെട്ടവരോടുള്ള നിലപാടിനുമെതിരെ ജനവികാരം ഉയരുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: