സംസ്ഥാനത്ത് കര്‍ഷകര്‍ അധികം ശ്രദ്ധിക്കാത്ത കാര്‍ഷിക മേഖലകളില്‍ ഒന്നാണ് തേനിച്ച വളര്‍ത്തല്‍. മലയോരപ്രദേശങ്ങളില്‍ പലരും ചെയ്യാറുണ്ടെങ്കിലും നേട്ടം കുറവാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ശ്രദ്ധക്കുറവാണ് ഇതിന് പ്രധാനകാരണം. നല്ല പരിചരണവും ശ്രദ്ധയും ഉണ്ടെങ്കില്‍ തേന്‍കൃഷിയില്‍ നിന്നും മികച്ച വരുമാനം നേടാന്‍ സാധിക്കുമെന്നാണ് ഈ മേഖലയിലെ പ്രമുഖര്‍ പറയുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന ഇന്ത്യന്‍ തേനീച്ച അഥവാ ഞൊടിയല്‍ തേനീച്ചയുടെ വളര്‍ച്ചാകാലം ഓഗസ്റ്റ് -ഡിസംബര്‍ മാസങ്ങളാണ്. ഇവയുടെ തേന്‍കാലം ജനുവരി -മേയ് മാസങ്ങളും ക്ഷാമകാലം ജൂണ്‍ -ഓഗസ്റ്റ് മാസങ്ങളുമാണ്. പ്രകൃതിദത്ത പ്രജനന കാലമായ വളര്‍ച്ചാകാലത്ത് റാണി ഈച്ചയ്ക്ക് പ്രതിദിനം 750 -1000 മുട്ടയിടാനുള്ള മികവുണ്ട്. സുഗമമായ പുഴുവളര്‍ത്തലിന് ധാരാളം പൂമ്പൊടി ആവശ്യമായതിനാല്‍ വളര്‍ച്ചാകാലത്ത് തെങ്ങിന്തോപ്പില് തേനീച്ചകൂടുകള്‍ മാറ്റി സ്ഥാപിക്കുന്ന രീതിയാണ് അവലംബിക്കേണ്ടത്. തെങ്ങിന്റെ ഒരു പൂങ്കുലയില്‍ നിന്നുമാത്രം 272 ദശലക്ഷം പൂമ്പൊടിലഭിക്കുന്നു എന്നാണ് വിലയിരുത്തല്‍. ആരോഗ്യമുള്ള ഒരു തെങ്ങില്‍ പ്രതിവര്‍ഷം ഇത്തരത്തിലുള്ള പൂങ്കുലകള്‍ ഉണ്ടാകാറുണ്ട്.
തേന്‍കാലം സമാഗതമായതോടെ വര്‍ധിച്ച തോതില്‍ തേന്‍ സംഭരിക്കാന്‍ തേനീച്ച കര്‍ഷകര്‍ ഏറെ മുന്നൊരുക്കങ്ങള്‍ ചെയ്യേണ്ടതുണ്ട്. തേനെടുക്കാന്‍ തയ്യാര്‍ ചെയ്യുന്ന തേനീച്ചക്കൂടുകളില്‍ ഏകീകരണം ഉണ്ടാക്കുകയാണ് ആദ്യംചെയ്യേണ്ടത്. അതായത് ഒരു എപ്പിയറിലെ എല്ലാ കൂടുകളും ഏകദേശം ഒരേ ശക്തിയുള്ളതാക്കണം. ശോഷിച്ച കോളനികളില്‍ ശക്തിയുള്ള കോളനികളില്‍ നിന്നും സമാധിയായ അടകള്‍ മാറ്റി ഇട്ടുകൊടുത്താണ് ഏകീകരണം ഉറപ്പാക്കുന്നത്. ഈ സമയം കൂടുകള്‍ക്ക് ആവശ്യാനുസരണം 1 : 1 അനുപാതത്തിലുള്ള പഞ്ചസാരലായനി നല്‍കേണ്ടതാണ്. അഞ്ചു ദിവസം ഇടവിട്ട് കൃത്യമായി കൂടുപരിശോധിച്ച് രോഗ -കീടബാധയില്ലെന്ന് ഉറപ്പു വരുത്തണം. കൂടുകളില്‍ നിന്നും പുതിയ റാണി അറകള്‍ മാറ്റി എന്ന് ഉറപ്പു വരുത്തുകയും വേണം. ഇത് പെട്ടെന്നുണ്ടാകുന്ന കൂട്ടം പിരിയലില്‍ നിന്നും കോളനികളെ സുരക്ഷിതമാക്കും. വാണിജ്യാടിസ്ഥാനത്തില്‍ വിജയകരമായും ആദായകരമായും തേനീച്ചവളര്‍ത്താന്‍ വളര്‍ച്ചക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ പുതിയ റാണിയെ വിരിയിച്ചെടുത്തു എന്ന് ഉറപ്പാക്കുന്നത് ഉത്തമമാണ്. തേനീച്ച കോളനികളെ റബര്‍ തോട്ടങ്ങളില്‍ മാറ്റി സ്ഥാപിക്കുകയാണ് രണ്ടാമത്തെ ഘട്ടം. കേരളത്തിലെ തേനീച്ചയുടെ പ്രാധാന തേന്‍ സ്രോതസ് റബര്‍ മരങ്ങളാണ്. 5.5 ലക്ഷം ഹെക്ടര്‍ സ്ഥലത്തുവ്യാപിച്ചു കിടക്കുന്ന റബര്‍ തോട്ടങ്ങളില്‍ തേനീച്ചക്കൂടുകള്‍ മാറ്റി സ്ഥാപിക്കുകയാണ് വേണ്ടത്. ഒരു ഹെക്ടര്‍ റബര്‍ തോട്ടത്തില്‍ 10 ഇന്ത്യന്‍ തേനീച്ചക്കോളനികള്‍ സ്ഥാപിക്കാന്‍ സാധിക്കും.
വൈകുന്നേരങ്ങളില്‍ കൂട്ടിലെ എല്ലാ തേനീച്ചകളും തിരിച്ചെത്തി എന്ന് ഉറപ്പു വരുത്തിയശേഷം കൂട് അടച്ച് ലോറികളില്‍ സുരക്ഷിതമായി കയറ്റിവേണം അനുയോജ്യമായ റബര്‍ തോട്ടങ്ങളില്‍ സ്ഥാപിക്കാന്‍. 10 വര്‍ഷത്തിലധികം പ്രായമുള്ള റബര്‍ തോട്ടങ്ങളിലായിരിക്കണം തേനിച്ചക്കൂടുകള്‍ സ്ഥാപിക്കേണ്ടത്. റബര്‍ തോട്ടങ്ങളിലെ സ്വാഭാവിക ഇലപൊഴിച്ചിലിനെത്തുടര്ന്ന് പുതിയ ഇലകള്‍ വളരുന്നതോടെയാണ് തേന്‍കാലം ആരംഭിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ ഡിസംബര്‍ -ജനുവരിയില്‍ ആരംഭിക്കുമെങ്കിലും മധ്യ -തെക്കന്‍ ജില്ലകളില്‍ ഫെബ്രുവരി -മാര്‍ച്ച് മാസങ്ങളിലാണ് തേന്‍ ചൊരിയല്‍ സജീവമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: