മണ്ണാര്‍ക്കാട്: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ മുന്‍ വേലക്കാരന്‍ അറസ്റ്റില്‍. മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ നായാടിപ്പാറ മുണ്ടാരത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (74), ഭാര്യ ഗോമതി (63)എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിനകത്ത് കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഗ്വാളിയോര്‍ സ്വദേശി രാജു(32) ആണ് ഭോപ്പാല്‍ പോലീസിന്റെ പിടിയിലായത്. പണം കടംചോദിച്ചപ്പോള്‍ കിട്ടാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്‌ക്ക് കാരണമായതെന്നാണ് പ്രതിയുടെ മൊഴി. ഇയാളുടെ ഭാര്യയെ ചോദ്യം ചെയ്തതില്‍ നിന്നാണ് രാജു തന്നെയാണ് കൊലയാളിയെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
സംഭവം നടന്നതിന്റെ തലേന്ന് രാത്രി തന്നെ പ്രതി നര്‍മ്മദ വാലിയിലുള്ള ഗോപാലകൃഷ്ണന്‍ നായരുടെ വീട്ടില്‍ എത്തിയിരുന്നു. ഭക്ഷണം കഴിച്ച് അദ്ദേഹത്തിന്റെ മുറിയില്‍ തന്നെ കിടന്നു. ഒന്നരലക്ഷം രൂപവേണമെന്നാവശ്യപ്പെട്ടപ്പോള്‍ തരില്ലെന്ന് പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശബ്ദംകേട്ട് ഭാര്യ ഗോമതി മുകളിലേക്ക് കയറി വന്നപ്പോള്‍ അവരെയും കഴുത്തറുത്തുകൊന്നശേഷം മാലയും വളയും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി.
ദമ്പതികള്‍ ഗ്വാളിയോറില്‍ താമസിക്കുമ്പോള്‍ ഇയാള്‍ അവിടെ വേലക്കാരനായിരുന്നു. അന്നും താന്‍ പണം കടം വാങ്ങിയിരുന്നതായും ഇവരുടെ മകളുടെ വീട്ടില്‍ മുമ്പ് മോഷണം നടത്തിയിട്ടുള്ളതായും രാജു സമ്മതിച്ചിട്ടുണ്ട്.
ഗോപാലകൃഷ്ണന്‍ നായരുടെയും ഗോമതിയുടെയും മൃതദേഹങ്ങള്‍ പിപ്ലാനി, നര്‍മ്മദ വാലിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭോപ്പാല്‍ നായര്‍ സമാജത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
















