ആലപ്പുഴ: ശുദ്ധജല ക്ഷാമത്തിനു പരിഹാരം കാണാന്‍ ജലഅതോറിറ്റി പരാജയപ്പെട്ടെന്ന് അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം കുറ്റപ്പെടുത്തി. അമൃത് പദ്ധതിയില്‍ 102 കോടി രൂപ ചെലവഴിച്ചിട്ടും ശുദ്ധജലം ലഭിക്കാത്തതില്‍ യോഗം അതൃപ്തി അറിയിച്ചു.
നഗരത്തിലെ മത്സ്യമാര്‍ക്കറ്റുകളില്‍ പച്ചമത്സ്യം എന്ന പേരില്‍ ചീഞ്ഞ മത്സ്യം വിതരണം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നു. നഗരത്തിലും പരിസരങ്ങളിലു നടക്കുന്ന പരിപാടികളില്‍ വലിയ ജനറേറ്ററുകളുടെ ഉപയോഗം വ്യാപകമാകുന്നു. നഗരത്തില്‍ ഇന്ദിരാ ജങ്ഷന്‍, തോണ്ടന്‍കുളങ്ങര എന്നിവിടങ്ങളില്‍ റോഡ് പുനര്‍നിര്‍മിച്ചപ്പോള്‍ ഉണ്ടായ നിരപ്പ് വ്യത്യാസം മൂലം വാഹനാപകടങ്ങള്‍ പതിവായി.
നഗരത്തിലെ ബോട്ട് ജെട്ടി, സ്വകാര്യ ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണ്. മെഡിക്കല്‍ കോളജ്, ആശുപത്രി പരിസരങ്ങളില്‍ ലഹരി സംഘങ്ങള്‍ അഴിഞ്ഞാടുന്നതിനെതിരെയും നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ജി. മനോജ്കുമാര്‍ അദ്ധ്യക്ഷനായി. ഡി.കൃഷ്ണന്‍, കെ.വി. മേഘനാഥന്‍, ജോണി മുക്കം, ഡിവൈഎസ്പി പി.വി. ബേബി, തഹസില്‍ദാര്‍ ആശ സി. എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
















