ആലപ്പുഴ: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങിയതിനു പിന്നാലെ ഫേസ്ബുക്കില്‍ പ്രതികരണവുമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമ. കവയത്രി നിഖിത ഗില്ലിന്റെ വരികളാണ് അനുപമ ഫേസ്ബുക്കില്‍ കുറിപ്പായി ചേര്‍ത്തത്. സുഹൃത്ത് കൈമാറിയ വരികള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
അവര്‍ നിങ്ങളെ തകര്‍ക്കാനും തോല്‍പ്പിക്കാനും ശ്രമിക്കും. അവര്‍ നിങ്ങളെ ചുട്ടെരിക്കും, അപമാനിക്കും, പരിക്കേല്‍പ്പിക്കും, ഉപേക്ഷിക്കും, പക്ഷെ അവര്‍ക്ക് നിങ്ങളെ നശിപ്പിക്കാനാവില്ല, ഫിനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും എന്നാണ് അനുപമയുടെ ഫേസ്ബുക് പോസ്റ്റ്.
കഴിഞ്ഞ ദിവസം തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്ക് ടി വി അനുപമ നല്‍കിയ രണ്ടു നോട്ടിസുകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. നോട്ടിസില്‍ ബ്ലോക്ക് നമ്പരും സര്‍വേ നമ്പരും തെറ്റായിട്ടാണു രേഖപ്പെടുത്തിയിരുന്നത്. ഈ കാരണത്താലാണ് നോട്ടിസ് നല്‍കിയത് കോടതി റദ്ദാക്കിയത്. റദ്ദാക്കിയതിനു ശേഷം കളക്ടര്‍ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
















