ചെന്നൈ: ഇന്ന് സമാധിയായ കാഞ്ചികാമകോടി പീഠ മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയുടെ ‘വൃന്ദാവന പ്രവേശ അനുഷ്ഠാനം’ നാളെ. ഇന്ന് കാലത്താണ് സ്വാമി സമാധിയായത്. മഠത്തിന്റെ പാരമ്പര്യ വിധിപ്രകാരം സമാധികഴിഞ്ഞുള്ള വൈദിക ചടങ്ങുകളെയാണ് ‘വൃന്ദാവന പ്രവേശം’ എന്നു വിശേഷിപ്പിക്കുന്നത്. വിജയേന്ദ്ര സരസ്വതി സ്വാമികള്‍ക്കായിരിക്കും മഠത്തിന്റെ ചുമതല.
എണ്‍പത്തി രണ്ട് വയസായിരുന്നു സ്വാമിക്ക്. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. മഠ ആസ്ഥാനം സ്ഥിതിചെയ്യുന്ന കാഞ്ചീപുരത്തായിരുന്നു സമാധി.
സുബ്രഹ്മണ്യം- ജയേന്ദ്ര
സുബ്രഹ്മണ്യമെന്നായിരുന്നു പൂര്‍വാശ്രമത്തിലെപേര്. കാഞ്ചി ശങ്കര മഠത്തിന്റെ മേധാവിയായി. വിദ്യാഭ്യാസ ആരോഗ്യ ആത്മീയ സാംസ്‌കാരിക രംഗത്ത് വിവിധ രീതികളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സേവന സ്ഥാപനങ്ങള്‍ നടത്തുന്ന മഠം സ്വാമിയുടെ മേല്‍നോട്ടത്തില്‍ ഏറെ വിപുലമായി. ആദി ശങ്കരാചാര്യര്‍ സ്ഥാപിച്ച നാലു മഠങ്ങളില്‍ ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രമായി കാഞ്ചി മഠം.
കാഞ്ചി കാമകോടി പീഠത്തില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന സ്വാമിയുടെ ഭൗതിക ദേഹത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ഭക്തര്‍ ധാരാളമായി എത്തുകയാണ്.
രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങി പ്രമുഖ വ്യക്തികളും സംഘടനകളും സ്വാമിക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.

അനുശോചനം
അഗാധ ദുഃഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹദ് ചിന്തകളിലൂടെും അസാധാരണ സേവനങ്ങളിലൂടെയും സ്വാമി ലക്ഷക്കണക്കിന് വിശ്വാസികളുടെ ഹൃദയത്തില്‍ ജീവിക്കുമെന്ന് പറഞ്ഞു.
മോക്ഷം നേടിയ കാഞ്ചി സ്വാമികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, സ്വാമികളുടെ ആത്മീയ പ്രചോദന പ്രവര്‍ത്തനങ്ങളും മാനവികതയ്‌ക്കുള്ള സംഭാവനകളും എക്കാലത്തും മറ്റുള്ളവര്‍ക്ക് പ്രേരണയാകുമെന്ന് പറഞ്ഞു.
സ്വാമികളുടെ വിയോഗത്തില്‍ ദുഃഖിക്കുന്നതായി കോണ്‍ഗ്രസ് പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മാവ് ശാന്തിപ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
സമാധി ദുഃഖിപ്പിക്കുന്നതായി മതമാ ബാനര്‍ജി പറഞ്ഞു.
കേരളത്തില്‍
കാഞ്ചി ആചാര്യന്‍ ജയേന്ദ്ര സരസ്വതിസ്വാമികള്‍ ഏപ്രിലില്‍ കേരളം സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നു. കാലടിയിലുള്‍പ്പെടെ വിവിധ പരിപാടികളാണ് ആലോചിച്ചിരുന്നത്. അതിനിടെയാണ് സമാധി സംഭവിച്ചത്.
ഒടുവില്‍ സ്വാമികള്‍ കാലടിയില്‍വന്നത് 2017 ഏപ്രില്‍ 30നായിരുന്നു. പിന്നീട് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ സന്ദര്‍ശനം നിശ്ചയിച്ച് നെടുമ്പാശേരി വിമാനത്താവളം വരെ വന്നപ്പോള്‍ സോഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മടങ്ങി.
















