ന്യൂയോർക്ക്: യുഎസുമായി സമാധാന ചർച്ചകൾക്ക് പച്ചക്കൊടി കാണിച്ച് അഫ്ഗാനിലെ താലിബാൻ ഭീകരർ. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരയുദ്ധവും ഭീകരാക്രമണവും അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് താലിബാന്റെ ഭാഗത്തു നിന്നുമുള്ള ഈ നീക്കം. താലിബാന്റെ പൊളിറ്റിക്കൽ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.
ഖത്തറിലെ ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്റെ ഓഫിസിൽ അമേരിക്കൻ പ്രതിനിധികളുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് താലിബാൻ അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ സമാധാനം പുനസൃഷ്ടിക്കുക എന്ന ഉത്തമ ലക്ഷ്യമാണ് ഇതിലൂടെ താലിബാൻ മുന്നോട്ട് വയ്‌ക്കുന്നത്.
മധ്യ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ചുമതലയുള്ള അമേരിക്കൻ പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റൻ്റ് സെക്രട്ടറി ആലീസ് വെൽസ് അഫ്ഗാനിസ്ഥാനിൽ സന്ദർശനം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ വെൽസ് അഫ്ഗാൻ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. താലിബാനുമായി സൗഹൃദ സംഭാഷണത്തിന് അമേരിക്ക തയ്യാറെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താലിബാന്റെ പ്രതികരണം.
കഴിഞ്ഞ 17 വർഷമായി അഫ്ഗാനിസ്ഥാനിൽ യുദ്ധാന്തരിക്ഷമാണ്. ഇനിയും പട്ടാള പദ്ധതികൾ കൂടുതൽ യുദ്ധത്തിലേക്ക് നയിക്കപ്പെടും. ഇത് ആരു ആഗ്രഹിക്കുന്നില്ല, താലിബാൻ പ്രസ്താവനയിൽ വ്യക്തമാക്കി. അഫ്ഗാൻ പ്രസിഡൻ്റ് അഷറഫ് ഗാനിയും താലിബാനെ സമാധാന ചർച്ചകൾക്കായി ക്ഷണിച്ചിരുന്നു. 16,000 വിദേശ സൈനികരാണ് അഫ്ഗാനിൽ സേവനമനുഷ്ഠിക്കുന്നത്.
















