ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ദാരിദ്ര രേഖയ്‌ക്ക് താഴെയുള്ള കുടുംബാംഗങ്ങള്‍ക്ക് (ബിപിഎല്‍) സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര വരുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന ഗതാഗതവകുപ്പ് സര്‍ക്കാരിനു നല്‍കി. യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ വൈകാതെ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും.
സംസ്ഥാനത്തെ ഒരു കോടി കുടുംബാംഗങ്ങള്‍ക്ക് ഗുണം കിട്ടും. സൗജന്യ യാത്രയിനത്തില്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 3000 കോടി രൂപയുടെ ബാദ്ധ്യത ഉണ്ടാകും.
ഒരു കുടുംബത്തിന് വര്‍ഷം 2990 രൂപയാണ് വേണ്ടിവരികയെന്ന് ഗതാഗതവകുപ്പ് തയ്യാറാക്കിയ കരടില്‍ പറയുന്നു. സൗജന്യയാത്രയ്‌ക്കു പുറമേ, കുടുംബത്തിന് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടും. മരണം സംഭവിച്ചാല്‍ അഞ്ചുലക്ഷം രൂപ ലഭിക്കും.
പദ്ധതി നടപ്പാക്കാനുള്ള പണം പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍, ഗ്രാമ വികസന വകുപ്പ്, കൃഷി-ആരോഗ്യ വകുപ്പുകളമായി സര്‍ക്കാരിന് പങ്കുവെക്കാമെന്ന് കരടില്‍ വിശദീകരിക്കുന്നു.
ഇതിനു പുറമേ, ഗ്രാമ പ്രദേശങ്ങളിലും മറ്റും പൈസകുറവുണ്‌ടെന്ന കാരണത്താല്‍ സ്ത്രീകളും വിദ്യാര്‍ത്ഥിനികളും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നുണ്ട്. ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ സൗജന്യ പദ്ധതി വരുന്നത് സ്ത്രീകള്‍ക്ക് സുരക്ഷയും നല്‍കുമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്.
സര്‍ക്കാര്‍ പദ്ധതി അംഗീകരിച്ചാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഗതാഗത വകുപ്പ് സ്മാര്‍ട് കാര്‍ഡുകള്‍ വിതരണം ചെയ്യും.
അതേ സമയം സംസ്ഥാന ഗതാഗത വകുപ്പ് 1,07,000 ഗ്രാമങ്ങളെ അഞ്ചുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ യാത്രാ സംവിധാനങ്ങളുമായി ബന്ധിപ്പിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. നിലവില്‍ 58,000 ഗ്രാമങ്ങളിലായി 18,000 കിലോ മീറ്ററിലാണ് സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍.
















