ന്യൂദല്‍ഹി: സ്ത്രീശാക്തീകരണത്തില്‍നിന്ന് സ്ത്രീകള്‍ നയിക്കുന്ന ശാക്തീകരണത്തിലേക്ക് ഇന്ത്യ വളര്‍ന്നുകഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പ്രഭാഷണമായ മന്‍കീ ബാതില്‍ സംസാരിക്കുകയായിരുന്നു. സ്ത്രീകളുടെ വികസനത്തിന് ആയിരുന്നു ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന വികസനത്തിനാണ് ഇന്ത്യ മുന്നേറുന്നത്.
മാര്‍ച്ച് എട്ട് ലോക വനിതാ ദിനമായി ആചരിക്കുന്നു. എന്തുകൊണ്ട് അമ്മമാരെയും സഹോദരിമാരെയും ആദരിക്കാന്‍ ആ ദിവസം വിനിയോഗിച്ചുകൂടാ എന്ന് ഒരാള്‍ എന്നോട് ചോദിച്ചു. നൂറു വയസു തികഞ്ഞ അമ്മമാരെയും സഹോദരിമാരെയും ഗ്രാമങ്ങള്‍ തോറും ആദരിക്കുക. പ്രധാനമന്ത്രിയോട് സംസാരിക്കാമെന്ന സംവിധാനം വിനിയോഗിച്ചതാണദ്ദേഹം. എനിക്ക് നല്ല ആശയമായി തോന്നി. നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതേ ഉള്ളു.
ഝാര്‍ഖണ്ഡില്‍നിന്നുള്ള സംഭവം കേള്‍ക്കൂ: സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി അവിടെ 15 ലക്ഷം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നു. ചെറുതല്ല ഈ സംഖ്യ. അവര്‍ ഒരു മാസം ശുചിത്വ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. ഈ ജനുവരി 26 ന് തുടങ്ങി. 20 ദിവസംകൊണ്ട് അവര്‍ 1,70,000 കക്കൂസുകള്‍ നിര്‍മ്മിച്ചു. ഇത് ചരിത്ര സംഭവമാണ്. അവിടെ ഒരു ലക്ഷം ശക്തി മണ്ഡലികള്‍ ഉണ്ട്. 14 ലക്ഷം സ്ത്രീകള്‍ അംഗങ്ങള്‍ 2000 പഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്നു. അവര്‍ 29,000 ജല സംഭരണികള്‍ തീര്‍ത്തു. 10,000 സ്ത്രീകളും അര ലക്ഷം പുരുഷന്മാരും ഈ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു. എത്ര മഹാ സംരംഭമാണെന്ന് ഊഹിക്കാം. ഈ സ്ത്രീകള്‍ വന്‍ സാമൂഹ്യ മാറ്റത്തിലാണ് പങ്കുചേര്‍ന്നിരിക്കുന്നത്, മോദി വിവരിച്ചു.
സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുമ്പോഴേ, അവര്‍ക്ക് സാമൂഹ്യ-സാമ്പത്തിക കാര്യങ്ങളിലും മേഖലയിലും തുല്യ സ്ഥാനവും മാനവും നല്‍കുമ്പോഴേ രാജ്യം പുരോഗതിനേടൂ, മോദി പറഞ്ഞു.
പൂര്‍ണ്ണ സ്വാതന്ത്ര്യം എന്നത് സ്ത്രീകളുടെ പൂര്‍ണ്ണ വികാസമാണെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ മോദി അനുസ്മരിച്ചു. ഇന്ത്യ ഇന്ന് സ്ത്രീ വികാസത്തില്‍നിന്ന് സ്ത്രീകള്‍ നയിക്കുന്ന വികസനത്തിലേക്ക് എത്തിക്കഴിഞ്ഞു, മോദി പറഞ്ഞു.
















