തൃശൂര്‍ : അന്ന് ഇറങ്ങിപ്പോയ വി.എസ്. മൂന്നാണ്ട് കഴിഞ്ഞപ്പോള്‍ വിധേയനായി വേദിയില്‍. ഔദ്യോഗിക പക്ഷത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വി.എസ് അച്യുതാനന്ദന്‍ മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ വിനീതവിധേയനായി സമ്മേളനവേദിയില്‍.
മുതിര്‍ന്ന അംഗം എന്ന നിലയില്‍ രാവിലെ പതാക ഉയര്‍ത്തലില്‍ ഒതുങ്ങി വി.എസിന്റെ റോള്‍. വേദിയില്‍ മൂന്നാം നിരയില്‍ കേന്ദ്രക്കമ്മിറ്റിയംഗംങ്ങള്‍ക്കൊപ്പം ഇരുന്ന വി.എസ്. ഉദ്ഘാടനസമ്മേളനം പൂര്‍ത്തിയാകുന്നതുവരെ വേദിയിലിരുന്നു. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകിട്ട് വീണ്ടും അദ്ദേഹം വേദിയിലെത്തി.
ആലപ്പുഴ സമ്മേളനത്തില്‍ പിണറായിപക്ഷത്തിന്റെ കടന്നാക്രമണം സഹിക്കാതെയാണ് വി.എസ് ഇറങ്ങിപ്പോയത്. സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി അവതരിപ്പിച്ച 638 പേജുള്ള സംഘടനാ റിപ്പോര്‍ട്ടില്‍ 54 പേജുകളും വി.എസിനെ കുറ്റപ്പെടുത്തുന്നതായിരുന്നു.
തുടര്‍ന്ന് സംസാരിച്ച പ്രതിനിധികള്‍ ഇത് ഏറ്റുപിടിച്ചതോടെ ക്ഷുഭിതനായ വി.എസ്.വേദിവിട്ടു. സീതാറാം യെച്ചൂരിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പിന്നീട് വി.എസ്. തിരിച്ചെത്തിയത്. മൂന്നു വര്‍ഷം കഴിഞ്ഞ് നടക്കുന്ന തൃശൂര്‍ സമ്മേളനത്തില്‍ വി.എസ്. ഒരു വിഷയമേ അല്ല. സാന്നിദ്ധ്യം പോലും ശ്രദ്ധയാകര്‍ഷിക്കുന്നുമില്ല.
പാര്‍ട്ടിക്കുള്ളില്‍ ആശയങ്ങളുടെ പേരില്‍ പോര്‍വിളി ഉയര്‍ത്തിയ വി.എസ്.പക്ഷവും നാമാവശേഷമായി.
വി.എസ്.പക്ഷത്തെ കരുത്തരായ പലരും പിണറായിക്കുമുന്‍പില്‍ കീഴടങ്ങി. കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നവരെ പിണറായി വെട്ടിനിരത്തി. ജെ.മേഴ്‌സിക്കുട്ടിയമ്മയും എസ്.ശര്‍മ്മയും എം.സി ജോസഫൈനുമെല്ലാം ഔദ്യോഗികപക്ഷത്തിന്റെ തണലിലേക്കുമാറിയപ്പോള്‍ ചെറുത്തുനിന്ന കെ.ചന്ദ്രന്‍പിള്ളയെപ്പോലുള്ളവര്‍ പാര്‍ട്ടിയില്‍ അപ്രസക്തരായി.
ഭൂരിപക്ഷം പ്രതിനിധികളും പിന്തുണച്ചിട്ടും ചന്ദ്രന്‍ പിള്ളയെ എറണാകുളം ജില്ലാസെക്രട്ടറിയാക്കാന്‍ പിണറായി തയ്യാറായില്ല. ഇക്കുറി സംസ്ഥാനക്കമ്മിറ്റിയിലെത്തുമോയെന്ന കാര്യവും സംശയമാണ്. കൊല്ലം ,ആലപ്പുഴ, എറണാകുളം,പാലക്കാട് ജില്ലകളായിരുന്നു വി.എസ്.പക്ഷത്തിന്റെ ശക്തികേന്ദ്രങ്ങള്‍. ഇവിടെ ഇപ്പോള്‍ വി.എസിന്റെയാള്‍ എന്നുറപ്പിച്ച് പറയുന്ന ആരും അവശേഷിക്കുന്നില്ല.
















