കഴക്കൂട്ടം: ജില്ലയിലെ ആലംകോട് മുതല്‍ ആറ്റുകാല്‍ വരെ 36 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഏറ്റവും വലിയ പാടശേഖരത്തില്‍ പള്ളിപ്പുറം ഏലായില്‍ വര്‍ഷങ്ങളായി തരിശ്ശു കിടന്നിരുന്ന 12 ഏക്കര്‍ പാടം അണ്ടൂര്‍ക്കോണം കൃഷിഭവന്റെയും ജില്ലാ പഞ്ചായത്തിന്റെയും കഴക്കൂട്ടം റോട്ടറി ക്ലബ്ബിന്റെയും സഹകരണത്തോടെ വീണ്ടും കതിരണിഞ്ഞു. നെന്മണികള്‍ പഴുത്ത് സ്വര്‍ണ്ണനിറം പൂകി പരന്ന പാടശേഖരത്തില്‍ കൊയ്‌ത്തുത്സവത്തിനെത്തിയ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെ വാദ്യമേളങ്ങളോടെയാണ് കര്‍ഷകരും നാട്ടുകാരും റോട്ടറി ക്ലബ് അംഗങ്ങളും എതിരേറ്റത്.
ജില്ലാ ബ്ലോക്ക് പഞ്ചായത്തംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും രാവിലെ 8ന് പാടശേഖരത്തില്‍ എത്തിയിരുന്നു. 8.30ന് എത്തിയ മന്ത്രി ആര്‍പ്പുവിളികള്‍ക്കിടയില്‍ പാടത്തിറങ്ങി നെല്ലുകൊയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. കൂടിനിന്നവരും ഒപ്പം കൂടി കൊയ്‌ത്തുത്സവത്തില്‍ പങ്കാളികളായി. 200 ഏക്കറോളം വിസ്തീര്‍ണമുളള ഏലായില്‍ അടുത്തവര്‍ഷം പൂര്‍ണമായി കൃഷിയിറക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.
തരിശുനിലങ്ങള്‍ കതിരണിയിക്കുക എന്ന സര്‍ക്കാരിന്റെ ഉദ്യമങ്ങളുടെ ഭാഗമായി ഇതുവരെ 32,000 ഏക്കര്‍ പാടത്ത് കൃഷിയിറക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. നടപ്പുവര്‍ഷം കൂടുതല്‍ തരിശുനിലങ്ങള്‍ കൂടി കൃഷിയിറക്കുമെന്നും 3 വര്‍ഷത്തിനുളളില്‍ ഒരുലക്ഷം ഹെക്ടര്‍ തരിശുനിലം കൃഷിയോഗ്യമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കൃഷിക്ക് നേതൃത്വം നല്‍കിയ പ്രധാന കര്‍ഷകനായ രാമന്‍നായരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.
















