കൊച്ചി : ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ കെകെ രമ നല്‍കിയ ഹര്‍ജി ഹൈക്കോടതി മാര്‍ച്ച് 14 ന് പരിഗണിക്കാന്‍ മാറ്റി. ഗൂഢാലോചന സംബന്ധിച്ച പരാതിയില്‍ രണ്ടു തവണ അന്വേഷണം നടന്നതാണെന്നും ഇനി സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഗൂഢാലോചന അന്വേഷിക്കാന്‍ എടച്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം സിബിഐയ്‌ക്കു വിടണമെന്നാണ് കെകെ രമയുടെ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ 2012 മേയ് നാലിന് ടിപി ചന്ദ്രശേഖരനെ വധിച്ചതുമായി ബന്ധപ്പെട്ട് വടകര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗൂഢാലോചനക്കുറ്റം ഉള്‍പ്പെടുത്തിയിരുന്നെന്നും പിന്നീട് ഗൂഢാലോചനക്കുറ്റം അന്വേഷിക്കാന്‍ ചോമ്പാല പോലീസ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടു.
ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രമ നല്‍കിയ നിവേദനത്തെത്തുടര്‍ന്ന് എടച്ചേരി പോലീസ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തു. ഇത് സിബിഐയ്‌ക്ക് വിടാന്‍ വിജ്ഞാപനമിറക്കിയെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് സിബിഐ അറിയിച്ചതാണെന്നും ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി എംപി പ്രിയമോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
















