കെ. രാധാകൃഷ്ണന്‍
ഹരിപ്പാട്: കുട്ടികളെ സ്‌ക്കൂളിലയച്ച് ദമ്പതികള്‍ പോയത് മരണത്തിലേക്ക്. ബുധനാഴ്ച നടക്കുന്ന ഉത്സവത്തിന് നേരത്തെ തന്നെ എത്തുമെന്ന് പറഞ്ഞുപോയ അമ്മയും അച്ഛനും വരുന്നതും കാത്ത് വഴിയിലേക്ക് നോക്കിയിരിക്കുകയാണ് അഞ്ചാം ക്ലാസുകാരിയായ അമൃതയും മൂന്നാം ക്ലാസില്‍ പഠിക്കുന്ന സഹോദരന്‍ അഖിലും.
തിരുവല്ല വെടിക്കെട്ടപകടത്തില്‍ മഹാദേവികാട് ദേവദത്തില്‍ മാധവന്‍ചിറ കിഴക്കതില്‍ ഗുരുദാസനും ഭാര്യ സുഷമയും മരിച്ച വാര്‍ത്ത ഒരു ഗ്രാമത്തെ മുഴുവന്‍ ദുഃഖത്തിലാഴ്‌ത്തി. ഗുരുദാസന്റെ അച്ഛന്‍ നന്ദാത്മജനേയും അമ്മ രാജമ്മയേയും മക്കളെ ഏല്‍പ്പിച്ചിട്ടാണ് വെള്ളിയാഴ്ച തിരുവല്ലയ്‌ക്ക് പോയത്. ശനിയാഴ്ച തന്നെ തിരിച്ചുവരുമെന്ന് പറഞ്ഞിരുന്നു. ബുധനാഴ്ച നടക്കുന്ന വലിയകുളങ്ങര അശ്വതി ഉത്സവത്തിന് ഒരുങ്ങുന്നതിനായിട്ടാണ് ശനിയാഴ്ച വരാനിരുന്നത്. മകനും മരുമകള്‍ക്കും എന്തോ അപകടം പിണഞ്ഞെന്നുമാത്രമേ ഇന്നലെ വൈകിയും നന്ദാത്മജനോട് അടുത്ത ബന്ധുക്കള്‍ പറഞ്ഞിട്ടുള്ളു. എന്നാല്‍ വീട്ടിലേക്ക് വരുന്ന നാട്ടുകാരെയും ബന്ധുക്കളെയും കണ്ട് വൃദ്ധമാതാപിതാക്കളും കുഞ്ഞുങ്ങളും കരയുകയാണ്.
ഗുരുദാസനും കുടുംബവും 15 വര്‍ഷമായി വിദേശത്തായിരുന്നു. രണ്ട് വര്‍ഷത്തിന് മുമ്പാണ് നാട്ടിലെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്ന് ഗുരുദാസന്‍ വെല്‍ഡിങ് ജോലിക്ക് പോകുന്നുണ്ടായിരുന്നു.
തിരുവല്ലയില്‍ സുഷമയുടെ വീട്ടുകാര്‍ക്ക് പാരമ്പര്യമായി വെട്ടിക്കെട്ട് നിര്‍മ്മാണമായിരുന്നു. അവരെ സഹായിക്കാനായിട്ടാണ് ഗുരുദാസനും സുഷമയും തിരുവല്ലയ്‌ക്ക് പോയത്. അത് മരണത്തിലേക്കുള്ള യാത്രയായി.
















