കുരുടന്മാര് ആനയെകണ്ടതുപോലെ എന്ന ചൊല്ല് അന്വര്‍ഥമാക്കുന്നതാണ് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെ നിക്ഷിപ്തതാല്പര്യക്കാര് വ്യാഖ്യാനിച്ചത്. അദ്ദേഹം പറയാത്ത കാര്യങ്ങള്‍ ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ക്ഷുദ്രതാല്‍പര്യമാണ് നാലുപാടും. അജണ്ടാധിഷ്ഠിത രാഷ്ട്രീയ വ്യവസായികളും മാധ്യമവ്യാപാരികളും ഇക്കാര്യത്തില്‍ സര്‍വാത്മനാ സഹകരിക്കുകയാണ്. നീക്കിയിരിപ്പ് രാഷ്ട്രീയത്തിന്റെ ഉമ്മറക്കോലായയിലിരുന്ന് കാറ്റുകൊള്ളുന്ന രസമാണ് അവര്‍ അനുഭവിക്കുന്നത്. ആര്‍എസ്എസ് സര്‍സംഘചാലക് ആലോചിച്ചുറപ്പിക്കാതെ ഒരു പരാമര്‍ശംപോലും നടത്തില്ലെന്ന തിരിച്ചറിവ് ഇത്തരക്കാര്‍ക്കില്ലാത്തതുകൊണ്ടാണ് വ്യാജ പ്രചാരണത്തിലൂടെ ജനങ്ങളുടെ മനസ്സിലേക്ക് വിഷധൂളികകള്‍ പറത്തിവിടുന്നത്.
മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു മുസഫര്‍പൂരില്‍ നടന്ന യോഗത്തിലെ പ്രസംഗത്തില്‍ ഭാരതത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വരച്ചുകാട്ടുമ്പോള്‍ അദ്ദേഹം ക്രിയാത്മകമായി നടത്തിയ പരാമര്‍ശമാണ് വിവാദവ്യവസായികള്‍ നിക്ഷിപ്തതാല്‍പര്യത്തിനായി ഉപയോഗിച്ചത്. സൈന്യത്തെ സഹായിക്കാന്‍ പൗരന്മാരെ അണിനിരത്തേണ്ടുന്ന സാഹചര്യം സംജാതമായാല്‍ അത് പൊടുന്നനെ നടപ്പില്‍വരുത്താന്‍ ആര്‍എസ്എസ്സിനുകഴിയും എന്നാണ് ഭാഗവത് സൂചിപ്പിച്ചത്. അതായത് സാധാരണ ജനങ്ങളെ യുദ്ധമുഖത്തേക്ക് വിന്യസിപ്പിക്കാന്‍ ചുരുങ്ങിയത് ആറുമാസം സൈന്യം പരിശീലനം കൊടുക്കേണ്ടിവരുമ്പോള്‍, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മൂന്ന് ദിവസം നല്കിയാല് മതിയെന്ന് സാരം. കാരണം നിത്യേന നിയമേനയുള്ള പരിശീലനത്തിലൂടെ രാഷ്ട്ര ഗാത്രത്തെ സംരക്ഷിക്കാനുള്ള ശക്തിയും ശേഷിയുമാണ് അവര്‍ കൈവരിക്കുന്നത്. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അതിന് ആറുമാസം വരെയെടുക്കാം.
ഇപ്പറഞ്ഞതില്‍ എവിടെയാണ് മോഹന്‍ഭാഗവത് സൈനികരെ വിലകുറച്ചുകണ്ടത്? സാധാരണക്കാരും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മിലുള്ള വൈജാത്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നിടത്ത് സൈനികര്‍ വിഷയമേയല്ല. 1962-ലെ ചൈന ആക്രമണസമയത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സൈന്യത്തെ സഹായിക്കാന്‍ തോളോട് തോളുരുമ്മിനിന്ന ചരിത്രസംഭവത്തിന്റെ ഉജ്വല മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തുകൊണ്ടുകൂടിയാണ് ഭാഗവത് ആ പരാമര്‍ശം നടത്തിയത്. അന്ന് ശത്രുപ്പടയെ താലോലിക്കാന്‍ മത്സരബുദ്ധിയോടെ മുന്നോട്ടുവന്നവരാണിപ്പോള്‍ ഭാഗവത് നടത്താത്ത പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ചോരയ്ക്കുവേണ്ടി മുറവിളികൂട്ടുന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറിയ നാള്‍തൊട്ട് നിക്ഷിപ്ത താല്പര്യക്കാര് തൊടുത്തവിട്ട അസഹിഷ്ണുതാരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലിത്തെ അമ്പാണിപ്പോള്‍ സമൂഹത്തെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അത് പൂര്‍വാധികം ശക്തിയോടെ തുടരുമെങ്കിലും ഒരു കാരണവശാലും ഫലപ്രാപ്തി ഉണ്ടാവില്ല. കാരണം സമാജം അത്രമാത്രം ജാഗരൂകതയോടെ നിലകൊള്ളുകയാണ്. സ്വരാജ്യത്തെ ഇകഴ്ത്തിക്കാണിച്ചും അപമാനിച്ചും നാല് വെള്ളിക്കാശ് തരപ്പെടുത്താന്‍ നോക്കുന്നവരുടെ ദേശസ്നേഹത്തിന്റെയും സ്വരാജ്യഭക്തിയുടെയും തനിനിറം ആര്‍ക്കാണറിഞ്ഞുകൂടാത്തത്. ഏതായാലും 1963-ലെ റിപ്പബ്ലിക് ദിനപരേഡില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മാര്‍ച്ച് ഉള്‍പ്പെടുത്തിയത് എന്തിനെന്ന് തല്പരകക്ഷികളും രാഷ്ട്രീയ നപുംസകങ്ങളും അന്വേഷിക്കണം. ആര്‍എസ്എസ്സിനെ എക്കാലത്തെയും ശത്രുവായികണ്ടിരുന്ന പണ്ഡിറ്റ് നെഹ്റുവായിരുന്നു അതിന് അനുമതി കൊടുത്തതെന്ന് അറിയണം. ഭാഗവതിനെയും ആര്‍എസ്എസ്സിനെയും ദേശസ്നേഹവും സൈനികബഹുമാനവും പഠിപ്പിക്കാന്‍പോന്ന ത്രാണി ഭാരതത്തില്‍ ആര്‍ക്കുമില്ലെന്ന് ചൂണ്ടിക്കാണിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: