പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ വിജയയാത്രകളായിരുന്നു. ദിഗ്വിജയങ്ങള്‍ തന്നെയായിരുന്നു ഓരോ യാത്രയും. അതില്‍ ഏറെ തിളക്കമുള്ളതാണ് പലസ്തീന് സന്ദര്‍ശനം. ഒരിന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ പലസ്തീന് സന്ദര്‍ശനം എന്നതുമാത്രമല്ല പ്രാധാന്യം. ചരിത്ര പരമായ കാരണങ്ങളാല്‍ വര്‍ഷങ്ങളായി പോരാടുന്ന ഇസ്രയേല്‍- പലസ്തീന് വഴക്കിന് പരിഹാരം കാണാന്‍ കഴിയുന്ന മധ്യസ്ഥനായി ഭാരത പ്രധാനമന്ത്രിയെ ലോകം കണ്ടു എന്നതാണ് പ്രധാനം.
ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്ന് ജോര്‍ദാന്‍ രാജാവിന്റെ ഹെലികോപ്റ്ററില്‍ ഇസ്രയേലിന്റെ ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണ് നരേന്ദ്രമോദി പലസ്തീന് ഭരണസിരാകേന്ദ്രമായ രാമള്ളയിലെത്തിയത്. പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നേരിട്ടെത്തി സ്വീകരിച്ചു. പലസ്തീന് വിമോചന പോരാട്ടത്തിന്റെ നേതാവായിരുന്ന യാസര്‍ അറാഫത്തിന്റെ ശവകുടീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചാണ് നരേന്ദ്രമോദി ചരിത്ര സന്ദര്‍ശനം തുടങ്ങിയത്. ഇന്ത്യയും പലസ്തീനും തമ്മിലുള്ള നല്ല ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് മോദി പറഞ്ഞു. മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയില്‍ മേഖലയില്‍ എത്രയും വേഗം സമാധാനം തിരിച്ചു കൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രത്യാശയും മോദി പ്രകടിപ്പിച്ചു. പലസ്തീന്റെ പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് കോളര്‍ ഓഫ് ദ് സ്റ്റേറ്റ് ഓഫ് പലസ്തീന് നല്‍കിയാണ് മോദിയോട് ആദരവ് പ്രകടിപ്പിച്ചത്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ഇന്ത്യ കൂടുതല്‍ സഹകരണത്തിന് ചര്‍ച്ചകളില്‍ ധാരണയായി. പലസ്തീന് ജനതയ്ക്കും പലസ്തീനിന്റെ വികസനത്തിനുമുള്ള പിന്തുണ ഭാരതം ആവര്‍ത്തിച്ച് ഉറപ്പാക്കുകയും ചെയ്യും.
പലസ്തീനൊപ്പം യുഎഇയും ഒമാനും നരേന്ദ്രമോദി സന്ദര്‍ശിച്ചു. സുരക്ഷ, ഉന്നത സാങ്കേതികവിദ്യ, ഊര്‍ജ്ജം, സാമ്പത്തികം എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന മേഖലകളിലും ഉറ്റസഹകരണമുള്ള മൂല്യവത്തായ, തന്ത്രപരമായ പങ്കാളിയായാണ് യുഎഇയെ ഭാരതം കാണുന്നത്. ദുബായ് ഭരണാധികാരിയും യുഎഇയുടെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ്മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മഖ്തൂമും, അബുദാബി കിരീടാവകാശിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹിയാനുമായി നടത്തിയ ചര്‍ച്ചകളില്‍ മോദിക്ക് ലഭിച്ച സ്വീകാര്യത അഭിമാനകരമാണ്. യുഎഇ ഭരണാധികാരികളുടെ ക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ദുബായ്യില് നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയെ മോദി അഭിസംബോധന ചെയ്തു. ഇന്ത്യ ഇവിടെ ആദരിക്കപ്പെടുന്ന അതിഥി രാജ്യമാണ്. യുഎഇ, അറബ് സിഇഒമാരുമായി കൂടിക്കാഴ്ചയും നടത്തി. ഇന്ത്യയിലുള്ള വിശാലമായ അവസരങ്ങളെക്കുറിച്ചും വ്യവസായ പങ്കാളിത്തം ഊര്‍ജ്ജസ്വലമാക്കാന്‍ ഒന്നിച്ച് എന്ത് ചെയ്യാനാകുമെന്നതുമായിരുന്നു ചര്‍ച്ച.
ഇന്ത്യ വളരെയധികം മികച്ച ബന്ധംപുലര്‍ത്തുന്ന സമുദ്ര അയല്‍ക്കാരാണ് ഒമാന്‍. ജനങ്ങളുടെ പരസ്പര കൈമാറ്റത്തിലൂടെ ഒമാനുമായി ഇന്ത്യ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം സൂക്ഷിക്കുന്നുണ്ട്. അവിടുത്തെ സുല്‍ത്താനുമായും മറ്റ് നേതാക്കളുമായും മാത്രമല്ല ഇന്ത്യയുമായി വളരെ ശക്തമായ വ്യാപാര, സാമ്പത്തിക ബന്ധം വികസിപ്പിക്കുന്നതിന് പ്രമുഖരായ ബിസിനസ് മേധാവികളുമായും ആശയവിനിമയം നടത്തി. സന്ദര്‍ശനത്തിലൂടെ പശ്ചിമ ഏഷ്യയും ഗള്‍ഫ് മേഖലയുമായുള്ള ഇന്ത്യയുടെ വളരുന്നതും സുപ്രധാനവുമായ ബന്ധത്തെ കൂടുതല്‍ ശക്തമായി വളര്‍ത്താന്‍ സഹായിക്കും. 90 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ ഗള്‍ഫ് മേഖലയില്‍ പണിയെടുത്ത് ജീവിക്കുന്നുണ്ട്. ഇവരില്‍ മൂന്നിലൊന്ന് യുഎഇയിലാണ്. ഒമാനില്‍ ഭാരതീയരാണ് ഏറ്റവും വലിയ പ്രവാസി സമൂഹം. എന്നാല്‍ പ്രവാസി ഭാരതീയര്‍ തുലോം കുറവുള്ള പലസ്തീന് സന്ദര്‍ശനം തന്നെയാണ് ചരിത്രമാകുന്നത്. നിലപാടില്‍ വെള്ളം ചേര്‍ക്കാതെ ഇസ്രയേലിനേയും പലസ്തീനെയും നല്ല സുഹൃത്തുക്കളാക്കി ഒപ്പം നിര്‍ത്തുന്നതെങ്ങനെയെന്ന് നരേന്ദ്ര മോദി കാട്ടി. ഇസ്രയേല്‍ സന്ദര്‍ശിച്ചതിനേയും ഇസ്രയേല്‍ ഭരണാധികാരിയെ സ്വീകരിച്ചതിനേയും വിമര്‍ശിച്ച മോദി വിരുദ്ധര്‍ക്ക് പലസ്തീനും ഒമാനും യുഎഇയും നല്കുന്ന മറുപടികൂടിയാണീ യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: