ന്യൂദല്‍ഹി: റിലയൻസിന്റെ ജിയോഫോണിനെ വെല്ലാന്‍ ഭാരതി എയർടെൽ , വോഡഫോൺ ഇന്ത്യ, ഐഡിയ സെല്ലുലാർ എന്നിവർ ചേർന്ന് 500 രൂപയ്‌ക്ക് 4ജി ഫോൺ ഇറക്കുന്നു. ഇതിനായി സ്മാർട്ട് ഫോൺ നിർമ്മാതാക്കളുമായി ഇവർ ചർച്ച തുടങ്ങിയെന്നാണ് റിപ്പോർട്ട്.
ഒരു മാസം 60-70 രൂപ ചെലവിൽ ഡാറ്റ ലഭ്യമാക്കുന്ന രീതിയിൽ ഫോൺ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. 4ജി ഫോൺ വിലകുറച്ച് മാസം 49 രൂപ ചെലവില്‍ ഇന്റർനെറ്റ് നൽകാനുള്ള ജിയോയെ പ്രതിരോധിക്കാനാണ് ശ്രമം. നിലവിൽ മൂന്നു കമ്പനികളും സ്മാർട്ട്ഫോൺ നിർമ്മാതാക്കളുമായി ചേർന്ന് കുറഞ്ഞ വിലയ്‌ക്ക് ഫോൺ ലഭ്യമാക്കുന്നുണ്ട്.
രാജ്യത്തെ മൊബൈൽ ഫോൺ ഉപഭോക്താക്കളിൽ 60-70 ശതമാനം പേരും ഫീച്ചർ ഫോണുകളാണ് ഉപയോഗിക്കുന്നത്. ഇവരിൽ നിന്നാണ് കമ്പനികൾക്ക് 50 ശതമാനം വരുമാനം ലഭിക്കുന്നതും . ഇത്തരം ഉപഭോക്താക്കളെ റിലയൻസ് ജിയോ കയ്യിലാക്കാതിരിക്കാനാണ് എയർടെല്ലും വോഡഫോണും ഐഡിയയും ഒരുമിക്കുന്നത്.
എന്നാൽ ജിയോ സ്മാർട്ട് ഫോണിനെക്കാൾ ഏറ്റവും കുറഞ്ഞത് 800 രൂപയെങ്കിലും കൂടുതലാകും ഏറ്റവും കുറഞ്ഞ സ്മാർട്ട് ഫോൺ നിർമ്മിക്കണമെങ്കിൽ എന്നതാണ് ഇവർ നേരിടുന്ന പ്രധാന വെല്ലുവിളി . ഇതെങ്ങനെ കുറയ്‌ക്കും എന്നതിൽ കാര്യമായ ഗവേഷണങ്ങളാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: