കര്‍മപഥത്തില്‍ സജീവമായിരിക്കേ അരങ്ങൊഴിയുക എന്നത് ഏറ്റവും സാര്‍ത്ഥകമായ വിയോഗമാണ്. നാമറിയാതെ, മറ്റുള്ളവരെ അറിയിക്കാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ ജീവന്‍ വെടിയാന്‍ സാധിക്കുന്നത് കര്‍മഫല പുണ്യംതന്നെ. തന്റെ ജീവിതോപാസനയായ കലയെ അരങ്ങില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കെതന്നെ, ജീവിതത്തില്‍നിന്ന് അരങ്ങൊഴിഞ്ഞുവെന്ന് അറിയുമ്പോള്‍ അത് ആ കലാകാരന് ദൈവം നല്‍കിയ അനുഗ്രഹീത യാത്രയയപ്പായിട്ടാണ് നമുക്ക് അനുഭവപ്പെടുക.
തികച്ചും അവിചാരിതമായ വിടവാങ്ങലായിരുന്നു കലാമണ്ഡലം ഗീതാനന്ദന്റേത്. ജീവിതമാര്‍ഗം എന്തിനപ്പുറം ജീവിതോപാസനയായി കണ്ട് ഓട്ടന്‍തുള്ളലിനെ സ്‌നേഹിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സംഭാവനകള്‍ കലാകേരളം എക്കാലവും സ്മരിക്കും. തങ്ങളുടെ മേഖലകളില്‍ കര്‍മനിരതനായിരിക്കുമ്പോള്‍തന്നെ ജീവന്‍ വെടിയാന്‍ സൗഭാഗ്യംലഭിച്ച അപൂര്‍വ വ്യക്തിഗണങ്ങളില്‍പ്പെടുന്നതാണ് ഗീതാനന്ദനും. ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെയും പ്രൊഫ. എം.എന്‍. വിജയന്റെയും വിടവാങ്ങല്‍ ഇതുപോലെ നമ്മെ ഞെട്ടിപ്പിച്ച മരണ വിസ്മയങ്ങളായിരുന്നു.
മനോജ് കൃഷ്ണന്‍, പെരുമ്പാവൂര്‍
















