മട്ടാഞ്ചേരി റോ- റോ ജങ്കാര്‍ സര്‍വ്വീസ് നടത്തിപ്പിനായി കൊച്ചി കോര്പ്പറേഷന് ആഗോള ടെന്‍ഡര്‍ വിളിക്കാനൊരുങ്ങുന്നു. ഇതിനായി സര്‍ക്കാര്‍ അംഗീകാരത്തിനുള്ള നടപടികളുമായി മുന്നോട്ടു നീങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ റൂട്ടില്‍ വാഹനക്കടത്തിനായുള്ള റോ-റോ സര്‍വ്വീസിനായി രണ്ട് ജങ്കാര്‍ വെസലുകള്‍ കൊച്ചി കപ്പല്‍ശാലയില്‍ തയ്യാറായി കിടക്കുകയാണ്. ഇരുകരകളിലും ജെട്ടി നിര്‍മ്മാണവും പൂര്‍ത്തിയായി. നിലവില്‍ സ്വകാര്യ മേഖലയാണ് ഇവിടെ ജങ്കാര്‍ സര്‍വീസ് നടത്തിയിരുന്നത്. ജൂണില്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയായ വേളയില്‍ സര്‍വ്വീസ് നടത്തിപ്പ് കിന്‍കോയെ ഏല്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
നിലവില്‍ ഈമേഖലയിലെ ബോട്ട് സര്‍വ്വീസ് നടത്തുന്നതില്‍ കിന്‍കോയുടെ പാളിച്ച വ്യാപക പരാതിക്കിടയാക്കിയതോടെയാണ് നഗരസഭ ആഗോള ടെന്‍ഡറിന് ശ്രമം തുടങ്ങിയത്. നഗരസഭാ തീരുമാനത്തിനെതിരെ സര്‍ക്കാര്‍ തലത്തിലും രാഷ്ട്രീയമായും പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ട്. മാര്‍ച്ചില്‍ റോ-റോ- സര്‍വ്വീസ് തുടങ്ങുവാനായിരുന്നു തീരുമാനം. പുതിയ നീക്കം റോ- റോ സര്‍വ്വീസ് ഇനിയും നീണ്ടുപോകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: